ദേശീയപാത വികസനത്തിൽ സർക്കാർ നടപടി സ്വീകരിക്കണം: ബിജെപി
1576343
Thursday, July 17, 2025 12:03 AM IST
തൊടുപുഴ: ദേശീയപാത-85ന്റെ ഭാഗമായ നേര്യമംഗലം-വാളറ റോഡിന്റെ വികസനപ്രവർത്തനം തടഞ്ഞ ഹൈക്കോടതി ഇടക്കാല ഉത്തരവിനെതിരേ റിവ്യുഹർജി നൽകി നിർമാണം പൂർത്തീകരിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. പന്തളം പ്രതാപൻ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
വികസനപ്രവർത്തനങ്ങൾക്ക് പാർട്ടി എതിരല്ല. ബിജെപിയുടെ മുൻ ജില്ലാ അധ്യക്ഷൻ എം.എൻ.ജയചന്ദ്രൻ ഹൈക്കോടതിയിൽ നൽകിയ ഹർജി സംബന്ധിച്ച് ജില്ലാ കമ്മിറ്റി സംസ്ഥാന കമ്മിറ്റിക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഭരണഘടനാപരമായ അവകാശത്തെ ചോദ്യം ചെയ്യാനാവില്ല. ഹൈക്കോടതിയെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ സർക്കാരിനുണ്ടായ വീഴ്ചയാണ് പാതയുടെ നിർമാണം നിർത്തിവയ്ക്കേണ്ട സാഹചര്യം സൃഷ്ടിച്ചത്.
ഇതു ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഭാഗത്തെ ഗുരുതരമായ വീഴ്ചയാണ്. നിർമാണം പൂർത്തീകരിക്കാൻ ദേശീയപാത അഥോറിറ്റിയും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബിജെപി നോർത്ത് ജില്ലാ പ്രസിഡന്റ് പി.പി.സാനു, വൈസ് പ്രസിഡന്റുമാരായ പി.ജി.രാജശേഖരൻ, കെ.പി.രാജേന്ദ്രൻ, മീഡിയ കണ്‍വീനർ ഗോപി പഴുക്കാകുളം എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.