മരം മുറിക്കാൻ വൈദ്യുതി ലൈൻ അഴിച്ചുമാറ്റുന്നില്ലെന്ന് പരാതി
1576670
Friday, July 18, 2025 3:54 AM IST
കാഞ്ഞാർ: ജില്ലാ കളക്ടർ ഉത്തരവിട്ടതിനെത്തുടർന്ന് കാഞ്ഞാർ ടൗണിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ വെട്ടിമാറ്റാൻ പൊതുമരാമത്ത് അധികൃതർ എത്തിയപ്പോൾ വൈദ്യുതി വകുപ്പ് ജീവനക്കാർ ലൈൻ മാറ്റിക്കൊടുക്കാൻ തയാറായില്ലെന്ന് ആക്ഷേപം. ലൈൻ അഴിച്ചുമാറ്റി വൈദ്യുതി ബന്ധം വിച്ഛേദിച്ചാൽ മാത്രമേ മരംവെട്ടാൻ കഴിയൂ.
മരം മുറിക്കുന്ന വിവരം രണ്ടു ദിവസം മുന്പ് വൈദ്യുതി വകുപ്പ് ഓഫീസിൽ അറിയിച്ച ശേഷം ഇന്നലെ മരം മുറിക്കാൻ പൊതുമരാമത്ത് വകുപ്പ് നിയോഗിച്ച ജോലിക്കാർ വന്നപ്പോഴാണ് വൈദ്യുതി ലൈൻ അഴിച്ചുമാറ്റി നൽകാതിരുന്നത്. ഇതോടെ ജോലിക്കാർ മരം മുറിക്കാതെ തിരിച്ചുപോയി.
തൊടുപുഴ- ഇടുക്കി റോഡിൽ നിരവധി സ്ഥലങ്ങളിൽ അപകടാവസ്ഥയിലുള്ള മരങ്ങളുണ്ട്. ഇവയ്ക്കു സമീപത്തുകൂടെയാണ് വൈദ്യുതിലൈൻ കടന്നു പോകുന്നത്. ലൈൻ അഴിച്ചുമാറ്റാതെ ഈ മരങ്ങൾ മുറിക്കാനാവില്ല. വാഹനങ്ങൾക്കും യാത്രക്കാർക്കും ഭീഷണിയായി നിൽക്കുന്ന മരങ്ങൾ വെട്ടിമാറ്റാൻ ജില്ലാ ദുരന്തനിവാരണ അഥോറിറ്റി ചെയർപേഴ്സണ് കൂടിയായ ജില്ലാ കളക്ടർ ഉത്തരവിട്ടെങ്കിലും ഇത് അവഗണിക്കുന്ന നിലപാടാണ് വൈദ്യുതി ബോർഡ് സ്വീകരിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു.