കരിങ്കല്ല് ഉത്പന്നങ്ങളുമായി തമിഴ്നാട്ടിൽനിന്നു വരുന്ന വാഹനങ്ങൾ തടഞ്ഞുനിർത്തി ഗുണ്ടാപ്പിരിവെന്ന് പരാതി
1576344
Thursday, July 17, 2025 12:03 AM IST
നെടുങ്കണ്ടം: തമിഴ്നാട്ടിൽനിന്നു കരിങ്കല്ല് ഉത്പന്നങ്ങളുമായി വരുന്ന കേരള രജിസ്ട്രേഷൻ വാഹനങ്ങൾ തടഞ്ഞുനിർത്തി ഗുണ്ടാ പിരിവെന്ന് പരാതി. ഹൈറേഞ്ചിൽ നിലവിൽ ക്വാറികൾ പ്രവർത്തിക്കുന്നില്ലാത്തിനാൽ തമിഴ്നാട്ടിലെ ക്വാറികളെ ആശ്രയിച്ചാണ് ഇവിടെ നിർമാണപ്രവർത്തങ്ങൾ നടക്കുന്നത്. നൂറിലധികം കേരള രജിസ്ട്രേഷൻ വാഹനങ്ങൾ മേഖലയിൽ സർവീസ് നടത്തുന്നുണ്ട്. ഇവ കൂടാതെ തമിഴ്നാട്ടിൽനിന്നുള്ള വാഹനങ്ങളും ഉണ്ട്. അംഗീകൃത പാസും എല്ലാവിധ രേഖകളുമായി ലോഡ് എടുക്കുന്ന കേരള രജിസ്ട്രേഷൻ വാഹനങ്ങളാണ് കൊള്ളയടിപ്പിക്കപ്പെടുന്നത്.
ഒരു ലോഡിന് 3000 മുതൽ 5000 രൂപ വരെ ആവശ്യപ്പെട്ടാണ് ഉദ്യോഗസ്ഥർ എന്ന വ്യാജേന ഗുണ്ടാസംഘം പിരിവ് നടത്തുന്നത് .കമ്പംമെട്ട്, ബോഡിമെട്ട്, കുമളി പാതകളിലൂടെ അതിർത്തി കടക്കുന്ന വാഹനങ്ങൾ തടയുന്നുണ്ട്. കേരളത്തിൽനിന്നുള്ള വാഹനങ്ങൾ അംഗീകൃത പാസുമായി സർവീസ് നടത്തുമ്പോൾ തമിഴ്നാട് വാഹനങ്ങളിൽ പലതിനും പാസ് ഉണ്ടാവാറില്ല. കേരളത്തിലെ ചെക്ക് പോസ്റ്റുകളിൽ ഇവരുടെ വാഹനങ്ങൾ പരിശോധിക്കാത്തതിനാൽ നടപടിയും ഉണ്ടാകുന്നില്ല. ഏതെങ്കിലും വാഹനം കേരള ചെക്ക് പോസ്റ്റിൽ തടഞ്ഞാൽ ഉപരോധം അടക്കമുള്ള സമരങ്ങൾ നടത്തി വാഹനങ്ങൾ കൊണ്ടുപോവുകയാണ് പതിവ്.
പാസ് സംവിധാനത്തെ തടസപ്പെടുത്തി മുഴുവൻ വാഹനങ്ങളും അനധികൃതമായി ലോഡ് കടത്താനുള്ള നീക്കമാണ് തമിഴ്നാട് കേന്ദ്രീകരിച്ചു നടത്തുന്നതെന്നാണ് സൂചന. വിഷയത്തിൽ ഇടുക്കി, തേനി കളക്ടർമാർ ഇടപെട്ട് പരിഹാരം കണ്ടെത്തണമെന്നാണ് ആവശ്യം.
കേരളത്തിൽനിന്നുള്ള വാഹങ്ങൾക്കു നേരെ ആക്രമണങ്ങളും നടക്കുന്നതായി പരാതി ഉണ്ട്. ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങൾക്കു നേരേ കല്ല് എറിയുന്നതടക്കമുള്ള ആക്രമണങ്ങൾ ഉണ്ടായിട്ടുള്ളതിനാൽ ഡ്രൈവർമാരും ആശങ്കയിലാണ്.