ഉപ്പുതറ കണ്ണംപടി സ്കൂളിന് ഫണ്ടുണ്ട്; പക്ഷേ, രേഖയില്ല
1576943
Friday, July 18, 2025 11:34 PM IST
ഉപ്പുതറ: കണ്ണംപടി സ്കൂളിന് ഫണ്ട് ലഭിച്ചപ്പോൾ ഭൂമിക്ക് രേഖയില്ല. സ്കൂളിന്റെ ഭൂമിയുടെ രേഖയ്ക്കായി ജില്ലാ കളക്ടറെ സമീപിച്ചിരിക്കുകയാണ് പിടിഎ. 1956ലാണ് സ്കൂൾ ആരംഭിച്ചത്. കണ്ണംപടി നിവാസി ഇഷ്ടദാനമായി നൽകിയ ഭൂമിയിലാണ് സ്കൂൾ സ്ഥാപിച്ചത്. വനംവകുപ്പിന്റെ അധീനതയിലുള്ള പ്രദേശത്തായതിനാൽ ഭൂമി സംബന്ധിച്ച രേഖ നൽകേണ്ടത് വനംവകുപ്പാണെന്നാണ് റവന്യു വകുപ്പ് പറയുന്നത്. രേഖയ്ക്കായി വനംവകുപ്പിൽ അപേക്ഷ നൽകി കാത്തിരിക്കുകയാണ് പിടിഎയും അധ്യാപകരും.
1956 ലാണ് കണ്ണംപടിയിൽ സ്കൂളിനായി സ്ഥലം ലഭിച്ചത്. കണ്ണംപടി സ്വദേശി ഇഷ്ടദാനമായി നൽകിയ ഭൂമിയിൽ കെട്ടിടം പണിയുകയായിരുന്നു. പിന്നീടു വന്ന പിടിഎയോ അധ്യാപകരോ ഭൂമിയുടെ രേഖയ്ക്കായി ശ്രമിച്ചില്ല.
കണ്ണംപടി അറക്കുളം പഞ്ചായത്തിലായിരുന്നപ്പോഴാണ് സ്കൂൾ നിർമിച്ചത്. ഇപ്പോൾ പ്രദേശം ഉപ്പുതറ പഞ്ചായത്ത് പരിധിയിലായതിനാൽ സ്കൂളിന്റെ ഒരു രേഖയും ഇവിടെ ലഭ്യമല്ലാത്ത അവസ്ഥയാണ്. നിലവിലെ പിടിഎ രേഖകൾക്കായി ജില്ലാ കളക്ടറെ സമീപിച്ചെങ്കിലും റവന്യു വകുപ്പിൽ രേഖകൾ ഉണ്ടായിരുന്നില്ല. എസ്എസ്കെയിൽനിന്നു മൂന്നു കോടി 20 ലക്ഷം രൂപ ആൺകുട്ടികളുകളുടെ ഹോസ്റ്റൽ നിർമിക്കാൻ അനുവദിച്ചു. സ്കൂൾ കെട്ടിടം നിർമിക്കാൻ ട്രൈബൽ വകുപ്പും നടപടി ആരംഭിച്ചിട്ടുണ്ട്.
എന്നാൽ, ഭൂമിയുടെ രേഖ ലഭിക്കാത്തത് തടസമാകുകയാണ്. ഭൂമിയുടെ രേഖയ്ക്കായി ഡിഎഫ്ഒയെയും റേയ്ഞ്ച് ഓഫീസറെയും സമീപിച്ചെങ്കിലും ഉടൻ ശരിയാക്കാമെന്ന മറുപടിയല്ലാതെ രേഖ ഇനിയും ലഭിച്ചിട്ടില്ല. അടിയന്തരമായി രേഖ നൽകാൻ നടപടിയുണ്ടാകണമെന്നാണ് പിടിഎയുടെയും ഊരുമൂപ്പന്മാരുടെയും ആവശ്യം.