വയനാട് ദുരന്തം: കേരളത്തിന് സാമ്പത്തിക സഹായം നൽകണം: കെടിയുസി-എം
1452018
Monday, September 9, 2024 11:46 PM IST
ചെറുതോണി: വയനാട് ദുരന്തമുണ്ടായി നാളുകൾ കഴിഞ്ഞെങ്കിലും കേന്ദ്രസർക്കാർ കേരളത്തിനാവശ്യമായ സഹായധനം പ്രഖ്യാപിക്കാൻ തയാറാകാത്തത് വഞ്ചനാപരമാണെന്ന് കേരളാ ട്രേഡ് യൂണിയൻ കോൺഗ്രസ് - എം ജില്ലാ കമ്മിറ്റി ആരോപിച്ചു.
കഴിഞ്ഞയാഴ്ചയാണ് ആന്ധ്രയിലും തെലുങ്കാനയിലും വെള്ളപ്പൊക്കമുണ്ടായത്. സെപ്റ്റംബർ അഞ്ചു വരെയുള്ള കണക്കുകൾ പ്രകാരം 32 പേരാണ് മരിച്ചത്. കേന്ദ്രമന്ത്രി ശിവരാജ്സിംഗ് ചൗഹാൻ ഈ കെടുതി നേരിടാൻ പ്രഖ്യാപിച്ചത് 3,448 കോടി രൂപയാണ്. ആന്ധ്രയ്ക്കും തെലുങ്കാനയ്ക്കും കേന്ദ്രം സഹായം കൊടുക്കുന്നതിന് എതിരല്ല. 500 ലധികം മനുഷ്യർ കൊല്ലപ്പെട്ട വയനാട് ദുരന്തത്തെ നേരിടാൻ കേന്ദ്രം കേരളത്തിന് ഇതുവരെ ഒന്നും പ്രഖ്യാപിക്കാത്തത് നിരാശാജനകമാണ്.
പ്രധാനമന്ത്രി വയനാട് സന്ദർശിച്ചു. സംസ്ഥാനം റിപ്പോർട്ട് കൊടുക്കുകയും മുഖ്യമന്ത്രി സഹായം ആവശ്യപ്പെട്ടു പ്രത്യേകം നിവേദനവും കൊടുക്കുകയും ചെയ്തു. എന്നാൽ മാസങ്ങളായിട്ടും ബിജെപി സർക്കാർ കേരളത്തിന് ധനസഹായം നൽകാത്തത് കേരളത്തോടു കാണിക്കുന്ന ചിറ്റമ്മ നയമാണ്. മലയാളികളായ കേന്ദ്ര മന്ത്രിമാരോ, ബിജെപി നേതാക്കളോ ഫല പ്രദമായ രീതിയിൽ ഇടപെടലുകൾ നടത്തുന്നില്ല. കേന്ദ്രസർക്കാർ എത്രയും വേഗം ഈ വിഷയത്തിൽ പരിഹാരം ഉണ്ടാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
കെടിയുസി - എം ജില്ലാ പ്രിസിഡന്റ് ജോർജ് അമ്പഴം അധ്യക്ഷത വഹിച്ചു. ജോസി വേളാച്ചേരി, റോയി മറ്റത്തിൽ, റൂബി അടിമാലി, ബാബു പാലയ്ക്കൽ, ബിനോയി തേനാങ്കര, ഷിജോ വർഗീസ്, മനോജ് സാമുവൽ, ബിജു തെങ്ങുംതോട്ടത്തിൽ, കൃഷ്ണൻ മുട്ടം തുടങ്ങിയവർ പ്രസംഗിച്ചു.