കുളങ്ങളുടെ സുരക്ഷ: കളക്ടർ നിരീക്ഷിക്കണമെന്ന്
1281861
Tuesday, March 28, 2023 10:53 PM IST
തൊടുപുഴ: ജില്ലയിൽ പടുതാക്കുളങ്ങളിൽ വീണ് കുട്ടികൾ മരിക്കുന്ന സംഭവങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ പടുതാക്കുളങ്ങൾക്കും മറ്റു കുളങ്ങൾക്കും സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്ന ജില്ലാ ദുരന്തനിവാരണ അഥോറിറ്റിയുടെ നിർദേശം തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാർ കർശനമായി നടപ്പാക്കുന്നതിന് ജില്ലാ ഭരണകൂടം നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്. ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിക്കുന്ന നടപടികൾ ഏപ്രിൽ 24നകം ജില്ലാ കളക്ടർ മനുഷ്യാവകാശ കമ്മീഷനെ അറിയിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.
കൃഷി ആവശ്യത്തിനും മറ്റുമാണ് ചുറ്റുമതിലോ വേലിയോ ഇല്ലാതെ പടുതാക്കുളങ്ങൾ നിർമിക്കുന്നത്. ജില്ലാ ക്രൈം റിക്കോർഡ്സ് ബ്യൂറോയുടെ കണക്കുപ്രകാരം 2017 മാർച്ച് മുതൽ 2022 ഏപ്രിൽ വരെ പടുതാക്കുളത്തിൽ വീണ് ജില്ലയിൽ ആറു കുട്ടികൾ മരിച്ചു. മറ്റു കുളങ്ങളിൽ വീണ് 30 പേരും മരിച്ചിട്ടുണ്ട്. 2022 ഓഗസ്റ്റ് രണ്ടിന് ചേർന്ന ജില്ലാ ദുരന്തനിവാരണ അഥോറിറ്റി യോഗം പടുതാക്കുളങ്ങൾക്കു സുരക്ഷ ഏർപ്പെടുത്താൻ തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശം നൽകിയിരുന്നതായി ജില്ലാ കളക്ടർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
പടുതാക്കുളങ്ങൾക്ക് സമീപം മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാനും തീരുമാനിച്ചു. തങ്ങളുടെ അധികാര പരിധിയിലുള്ള കുളങ്ങളും പടുതാക്കുളങ്ങളും തദ്ദേശസ്ഥാപനങ്ങൾ കണ്ടെത്തണം. സ്വകാര്യ ഭൂമിയിലുള്ള കുളങ്ങൾക്ക് സുരക്ഷാവേലി നിർമിക്കാൻ ഉടമകൾക്ക് നിർദേശം നൽകണമെന്നും അഥോറിറ്റി പറയുന്നു.
ജില്ലാ ദുരന്തനിവാരണ അഥോറിറ്റിയുടെ ഉത്തരവ് ജില്ലയിലെ ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം പോലും നടപ്പാക്കിയതായി അറിയില്ലെന്ന് പരാതിക്കാരനും കട്ടപ്പന നഗരസഭാ കൗണ്സിലറുമായ വി. ജെ. ജോണ് കമ്മീഷനെ അറിയിച്ചു. താൻ അംഗമായ കട്ടപ്പന നഗരസഭയിൽ ഇപ്രകാരം ഒരു ഉത്തരവ് ലഭിച്ചിട്ടില്ല. മനുഷ്യാവകാശ കമ്മീഷനിൽ പരാതി നൽകിയശേഷം ജില്ലയിലെ വിവിധ ഭാഗങ്ങളിലായി കുളത്തിൽ വീണ് അഞ്ചു പേരുടെ ജീവൻ നഷ്ടമായെന്നും പരാതിക്കാരൻ അറിയിച്ചു. വളരെ ഗൗരവമായ വിഷയമാണ് പരാതിക്കാരൻ ഉന്നയിച്ചതെന്നു കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.