കാരണം വൈരാഗ്യവും സാന്പത്തിക പ്രശ്നങ്ങളുമെന്ന് പോലീസ്
1281604
Monday, March 27, 2023 11:44 PM IST
കട്ടപ്പന: അനുമോളെ കൊലപ്പെടുത്താൻ കാരണം വൈരാഗ്യവും സാന്പത്തിക പ്രശ്നങ്ങളുമാണെന്ന് പോലീസ്. നിരന്തരമായി പ്രശ്നമുണ്ടാക്കുന്ന സ്വഭാവക്കാരനായ ബിജേഷ് അനുമോളുടെ പക്കലുണ്ടായിരുന്ന പണം കൈക്കലാക്കിയിരുന്നു. ഈ തുക തിരികെ നൽകാത്തതിനെത്തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ എത്തിയതെന്നു പോലീസ് പറയുന്നു.
അതിക്രൂരമായാണ് അനുമോളെ ഭർത്താവ് ബിജേഷ് കൊലപ്പെടുത്തി കട്ടിലിനടിയിൽ ഒളിപ്പിച്ചത്. കൊലപാതകം നടന്ന പേഴുംകണ്ടത്തെ വീട്ടിൽ തെളിവെടുപ്പിനെത്തിച്ചപ്പോൾ നിർവികാരനായി ബിജേഷ് താൻ ചെയ്ത കാര്യങ്ങൾ പോലീസിനോടു വിവരിച്ചു.
കഴിഞ്ഞ 21നു വൈകുന്നേരമാണ് അനുമോളെ കൊല്ലപ്പെട്ട നിലയിൽ അനുമോളുടെ ബന്ധുക്കൾ കണ്ടെത്തിയത്. യുവതിയെ കാണാനില്ലെന്ന പരാതി നിലനിൽക്കെയാണ് സ്വന്തം വീടിനുള്ളിൽ കട്ടിലിനടിയിൽ പുതപ്പിൽ പൊതിഞ്ഞ് ഒളിപ്പിച്ച നിലയിൽ യുവതിയുടെ മൃതദേഹം ലഭിച്ചത്.
17നു രാത്രി ഒന്പതരയോടെയാണ് അനുമോളെ മദ്യലഹരിയിലായിരുന്ന ബിജേഷ് കൊലപ്പെടുത്തിയത്. സ്കൂളിൽ പോയി തിരികെ വീട്ടിലെത്തിയ അനുമോളും അവിടെയുണ്ടായിരുന്ന ബിജേഷും തമ്മിൽ പണത്തെച്ചൊല്ലി തർക്കമുണ്ടായി. ഇവരുടെ അഞ്ചു വയസുകാരി മകൾ ഉറങ്ങിയശേഷമായിരുന്നു വഴക്കുണ്ടായത്.
കാഞ്ചിയാർ പള്ളിക്കവലയിലെ ജ്യോതിസ് നഴ്സറി സ്കൂളിൽ അധ്യാപികയായിരുന്ന അനുമോൾ സ്കൂൾ കുട്ടികളുടെ ഫീസ് കൈവശം സൂക്ഷിച്ചിരുന്നു. ഈ പണം അനുമോളുടെ പക്കൽനിന്ന് ബിജേഷ് കടമായി വാങ്ങി. പറഞ്ഞ സമയത്ത് ബിജേഷ് തുക തിരികെ നൽകിയില്ല. ഇതിന്റെ പേരിലായിരുന്നു തർക്കം.
മദ്യപിച്ചെത്തി സ്ഥിരമായി ബിജേഷ് പ്രശ്നങ്ങൾ ഉണ്ടാക്കുന്നതായി അനുമോൾ വനിതാസെല്ലിൽ പരാതി നൽകിയിരുന്നു. ഇതിന്റെ വൈരാഗ്യവും കൊലപാതകത്തിനു കാരണമായതായി പോലീസ് പറയുന്നു.
തൊട്ടടുത്ത ദിവസം രാവിലെ മൃതദേഹം പുതപ്പിൽ പൊതിഞ്ഞ് കട്ടിലിനടിയിൽ ഒളിപ്പിച്ചശേഷം ഇയാൾ വെങ്ങാലൂർക്കടയിലെ തറവാട്ടിലെത്തി അനുമോളെ കാണാനില്ലെന്നു മാതാപിതാക്കളെ തെറ്റിദ്ധരിപ്പിച്ചു. ഇക്കാര്യം അനുമോളുടെ ബന്ധുക്കളെയും അറിയിച്ചു. തുടർന്ന് ഞായറാഴ്ച അനുമോളുടെ അച്ഛന്റെയും അമ്മയുടെയുമൊപ്പം കട്ടപ്പന പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. ഭാര്യയെ കാണാനില്ലെന്നായിരുന്നു പരാതി.
ചൊവ്വാഴ്ച രാവിലെ ബസിൽ കയറി പ്രതി തമിഴ്നാട്ടിലേയ്ക്ക് കടന്നു. മൃതദേഹം ഒളിപ്പിച്ച വീടിനുള്ളിൽ സുഗന്ധദ്രവ്യം തളിച്ചശേഷം സാന്പ്രാണിത്തിരി കത്തിച്ചുവച്ചാണ് പ്രതി മുങ്ങിയത്. അനുമോളുടെ ശരീരത്തിൽ അണിഞ്ഞിരുന്ന സ്വർണാഭരണങ്ങൾ ലബ്ബക്കടയിലെ ധനകാര്യസ്ഥാപനത്തിൽ പണയംവച്ച് കിട്ടിയ 11,000 രൂപയുമായാണ് പ്രതി അഞ്ചുദിവസം തമിഴ്നാട്ടിലെ പലയിടങ്ങളിലായി ഒളിവിൽ കഴിഞ്ഞത്. ഞായറാഴ്ച പുലർച്ചെ ഇയാൾ തിരികെ കുമളിയിലെത്തുകയും പോലീസ് പിടിയിലാകുകയുമായിരുന്നു.