വാത്തിക്കുടിയിൽ പുലിയെ പിടിക്കാൻ കൂട് ഒരുക്കി
1279944
Wednesday, March 22, 2023 10:39 PM IST
ചെറുതോണി: വാത്തിക്കുടിയിൽ ജനവാസമേഖലയിൽ ഇറങ്ങിയിരിക്കുന്ന പുലിയെ പിടിക്കാൻ വനംവകുപ്പ് സജമായി. അയ്യപ്പൻകോവിൽ ഫോറസ്റ്റ് റേഞ്ച് ഓഫീസിന്റെ നേതൃത്വത്തിലാണ് ഇടപെടലുകൾ ആരംഭിച്ചിരിക്കുന്നത്. പ്രദേശത്ത് കൂടുതൽ വനപാലകരെ നിരീക്ഷണത്തിനായി എത്തിച്ചതിനുപുറമെ പുലിയെ കണ്ടെത്തിയ സ്ഥലത്ത് കൂടും സ്ഥാപിച്ചു.
കഴിഞ്ഞ 11നാണ് വാത്തിക്കുടി മേഖലയിൽ വന്യജീവി സാനിധ്യം ഉണ്ടായത്. അന്നുമുതൽ അയ്യപ്പൻകോവിൽ ഡപ്യൂട്ടി റേഞ്ച് ഓഫീസർ ആർ. കണ്ണൻ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പി.കെ. സന്തോഷ് എന്നിവരുടെ നേതൃത്വത്തിൽ വനപാലകർ സ്ഥലത്തെത്തി സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയായിരുന്നു. പരിശോധനകളിൽ പുലി വർഗത്തിൽപെട്ട ജീവിയുടെ സാനിധ്യം തിരിച്ചറിഞ്ഞതോടെ പ്രദേശത്ത് കൂടുതൽ വനപാലകരെ നിയോഗിച്ചിരുന്നു.
ജനകീയ സമരസമിതിയുടെ പ്രക്ഷോഭങ്ങളും മന്ത്രിതലത്തിലും ഉദ്യോഗസ്ഥ തലത്തിലും ഉണ്ടായ സമ്മർദങ്ങളും കാര്യങ്ങൾ വേഗത്തിലാക്കി. പല ഗ്രൂപ്പുകളായി തിരിഞ്ഞ് പകലും രാത്രിയും അയ്യപ്പൻ കോവിൽ റേഞ്ചിലെ ഉദ്യേഗസ്ഥർ പട്രോളിംഗ് ശക്തിപ്പെടുത്തി.