ലാറ്റക്സ് വിലയിടിവ്: കർഷകർക്ക് അടിയന്തര സഹായം നൽകണം
1245690
Sunday, December 4, 2022 10:22 PM IST
തൊടുപുഴ: ലാറ്റക്സ് വില കുത്തനെയിടിഞ്ഞത് റബർകർഷകർക്ക് തിരിച്ചടിയാകുന്നു. നേരത്തെ 170 രൂപയുണ്ടായിരുന്ന ലാറ്റക്സിന് നിലവിൽ 90 രൂപയാണ് കർഷകർക്ക് ലഭിക്കുന്നത്. ടാപ്പിംഗ് തൊഴിലാളികൾക്കു കൂലി നൽകാൻ പോലും ഈ തുക മതിയാകാത്ത സാഹചര്യമാണ്.
കേന്ദ്ര-സംസ്ഥാന സർക്കാരുകളും റബർ ബോർഡും പ്രശ്നത്തിന് അടിയന്തര പരിഹാരം കണ്ടെത്തണമെന്ന് തൊടുപുഴ ഫാർമേഴ്സ് ക്ലബ് ജനറൽ ബോഡിയോഗം ആവശ്യപ്പെട്ടു.
ലാറ്റക്സ് കയറ്റുമതി ചെയ്യുകയോ, സംഭരിക്കുകയോ ചെയ്യണം. റബർ കർഷകരെ സംരക്ഷിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ റബർ കൃഷി കേരളത്തിൽ നിന്നും തുടച്ചുനീക്കപ്പെടുമെന്ന് ഫാർമേഴ്സ് ക്ലബ് മുന്നറിയിപ്പു നൽകി.
കർഷകർക്ക് സൗജന്യമായി ലഭിക്കാൻ സാധ്യതയുള്ള കാർബണ്‍ ക്രഡിറ്റ് ഫണ്ട് ലഭ്യമാക്കാൻ സർക്കാരുകളും റബർ ബോർഡും തയാറാകണമെന്നും യോഗം ആവശ്യപ്പെട്ടു.
പ്രസിഡന്റ് ടോം ചെറിയാൻ, സെക്രട്ടറി രാജീവ് പാടത്തിൽ, ട്രഷറർ ഷൈജോ ചെറുനിലം, വൈസ് പ്രസിഡന്റ് സോണി കിഴക്കേക്കര, മാത്യു മടത്തിക്കണ്ടം, ജോമോൻ വർഗീസ് എന്നിവർ പ്രസംഗിച്ചു.