സുരക്ഷിതമായി അന്തിയുറങ്ങാൻ വീടില്ലാതെ സ്ത്രീകൾ മാത്രമുള്ള നിർധന കുടുംബം
1564932
Thursday, June 5, 2025 5:06 AM IST
മുണ്ടക്കയം: വയോധികയായ അമ്മയോടും വിദ്യാർഥിനിയായ മകളോടുമൊപ്പം സുരക്ഷിതമായി അന്തിയുറങ്ങാൻ കൂരയില്ലാതെ ബുദ്ധിമുട്ടുകയാണ് വിധവയായ വീട്ടമ്മ.
പനയ്ക്കച്ചിറ കൊല്ലിപ്പറമ്പിൽ സോഫിയ സുബി (51) ആണ് 89 വയസായ അമ്മ മറിയക്കുട്ടിയോടും മകളോടുമൊപ്പം അടച്ചുറപ്പില്ലാത്ത നനയുന്ന കൂരയിൽ താമസിക്കുന്നത്. കോരുത്തോട് പഞ്ചായത്തിൽ പനയ്ക്കച്ചിറ ഒന്നാം വാർഡിലാണ് ഈ നിർധന കുടുംബം കഴിയുന്നത്.
ഏതാനും ദിവസങ്ങൾക്കു മുമ്പുണ്ടായ ശക്തമായ കാറ്റിൽ ഇവർക്ക് ഉണ്ടായിരുന്ന ചെറിയ വീടിന്റെ മുകളിലേക്ക് മരം വീണതോടെ കൂടുതൽ ദുരിതത്തിലായി. സംസ്ഥാന സർക്കാരിന്റെ ഭവനനിർമാണ പദ്ധതിയിൽ പഞ്ചായത്ത് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും ഇതിന്റെ നടപടിക്രമങ്ങൾ പൂർത്തിയായി വരുമ്പോഴേക്കും മാസങ്ങൾ പിന്നിടും. അതുവരെ എങ്ങനെ കഴിച്ചുകൂട്ടുമെന്നറിയാതെ ബുദ്ധിമുട്ടുകയാണ് ഈ കുടുംബം. ഇവർ താമസിക്കുന്ന വീട്ടിലേക്ക് എത്തുവാൻ വഴിസൗകര്യം പോലും പരിമിതമാണ്. പുതിയ വീട് നിർമിക്കണമെങ്കിൽത്തന്നെ സാധനങ്ങൾ തലച്ചുമടായി എത്തിക്കേണ്ട ഗതികേടിലാണ്. ഇതിന് ഭാരിച്ച തുകയും ചെലവ് വരും.
ഈ കുടുംബത്തെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ മുണ്ടക്കയം സെന്റ് മേരീസ് ലത്തീൻ പള്ളിയുടെ നേതൃത്വത്തിൽ ധനസമാഹരണം നടത്താൻ തീരുമാനിച്ചതായി ഇടവക വികാരി ഫാ. ടോം ജോസ് അറിയിച്ചു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് മുണ്ടക്കയം ടൗണിൽ യുവജനങ്ങളുടെ നേതൃത്വത്തിൽ ധനസമാഹരണം നടത്തുവാനാണ് തീരുമാനിച്ചിരിക്കുന്നത്. സുമനസുകളുടെ സഹായത്തോടെ ഒരു തുക കണ്ടെത്തി ഈ കുടുംബത്തെ സഹായിക്കുകയാണ് ലക്ഷ്യം. ഒപ്പം അധികാരികളുടെയും അകമഴിഞ്ഞ സഹായം ഈ കുടുംബം പ്രതീക്ഷിക്കുകയാണ്.