കുറവിലങ്ങാട് അഗ്രിഫെസ്റ്റിന് ഉജ്വല തുടക്കം
1565356
Friday, June 6, 2025 11:39 PM IST
കുറവിലങ്ങാട്: പാലാ രൂപതയുടെ സാമൂഹിക സേവന വിഭാഗമായ പിഎസ്ഡബ്ല്യുഎസിന്റെ നേതൃത്വത്തിൽ ആരംഭിച്ച അഗ്രിഫെസ്റ്റിന് തകർപ്പൻ പ്രതികരണം. ആദ്യദിനത്തിൽ ആയിരങ്ങളാണ് ഫെസ്റ്റിൽ പങ്കെടുത്തു മടങ്ങിയത്. മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർഥാടന ഇടവകയുടെ അങ്കണത്തിലൊരുക്കിയിരിക്കുന്ന മേള നാളെ സമാപിക്കും.
ഹൈബ്രിഡ് പച്ചക്കറി തൈകൾ, നാടൻ-വിദേശ ഫലവൃക്ഷ തൈകൾ, പച്ചക്കറി വിത്തുകൾ, കാർഷിക മൂല്യവർധിത ഉത്പന്നങ്ങൾ, കാർഷിക വിഭവങ്ങൾ, കാർഷിക വിളകൾ എന്നിവയുടെ പ്രദർശനവും വിപണനവുമാണ് നടക്കുന്നത്. വിവിധ ജൈവവളങ്ങൾ, കീടനാശിനികൾ, ചെടിച്ചട്ടികൾ, കൃഷി ഉപകരണങ്ങൾ തുടങ്ങിയവയും മേളയിലുണ്ട്.
മേളയുടെ ഉദ്ഘാടനം ആർച്ച്പ്രീസ്റ്റ് റവ.ഡോ. തോമസ് മേനാച്ചേരി ഉദ്ഘാടനം ചെയ്തു. പിഎസ്ഡബ്ല്യുഎസ് ഡയറക്ടർ ഫാ. തോമസ് കിഴക്കേൽ ആദ്യ വിൽപ്പന നിർവഹിച്ചു. സ്വാശ്രയസംഘം ഡയറക്ടർ ഫാ. ജോസഫ് ചൂരയ്ക്കൽ അധ്യക്ഷത വഹിച്ചു.
പിആർഒ ഡാന്റീസ് കൂനാനിക്കൽ, റീജൺ, സോൺ കോ-ഓർഡിനേറ്റർമാരായ സിബി കണിയാംപടി, ലിജി ജോൺ, മാർക്കറ്റിംഗ് ഓഫീസർ സാജു വടക്കൻ, എം.വി ജോൺ കുന്നേൽ, കുഞ്ഞുമോൻ ഈന്തുകുഴി, റാണി ജോസഫ്, മഞ്ജു മാണി, എൽസമ്മ ജോസഫ്, സെലിൻ ഷാജി തുടങ്ങിയവർ പ്രസംഗിച്ചു.