തൈകളില്ല; പരിസ്ഥിതി ദിനത്തിൽ നിരാശയിൽ വനംവകുപ്പ്
1565353
Friday, June 6, 2025 10:31 PM IST
എരുമേലി: കഴിഞ്ഞ വർഷം പരിസ്ഥിതിദിനം മുൻനിർത്തി എരുമേലി കനകപ്പലത്തെ സോഷ്യൽ ഫോറസ്റ്ററി ഓഫീസിൽനിന്ന് നാടൊട്ടുക്കും വിതരണം ചെയ്തത് ഒരു ലക്ഷത്തിലധികം തൈകൾ. ഇത്തവണ ഒരു തൈ പോലും ഇല്ല. തൈകൾ നട്ടുവളർത്തി പാകമാക്കാൻ ഫണ്ട് ലഭിക്കാഞ്ഞതാണ് കാരണം.
ജില്ലയ്ക്കകത്തും പുറത്തുനിന്നുമായി നിരവധി പേരാണ് തൈകൾ ആവശ്യപ്പെട്ട് ഇത്തവണ കനകപ്പലത്തെ ഓഫീസിൽ എത്തിയത്.
കോട്ടയം ജില്ലയിൽ വനംവകുപ്പിന്റെ സാമൂഹ്യ വനവത്കരണം വിഭാഗത്തിന്റെ പ്രധാന റേഞ്ച് ഓഫീസാണ് കനകപ്പലത്തേത്. വിവിധ ഇനങ്ങളിലായി പതിനായിരക്കണക്കിന് തൈകൾ നട്ടുവളർത്തി സൗജന്യമായും സൗജന്യ നിരക്കിലും നൽകുന്ന പ്രവർത്തനമാണ് ഓരോ വർഷവും ഇവിടെ നടത്തുന്നത്. എന്നാൽ ഇത്തവണ ആവശ്യമായ ഫണ്ട് ലഭിക്കാഞ്ഞതിനാൽ ഏതാനും തേക്കിൻ തൈകളല്ലാതെ മറ്റു തൈകൾ വളർത്തിയില്ല. കഴിഞ്ഞ മൂന്ന് വര്‍ഷമായി വനംവകുപ്പിന് തൈകൾ വളർത്തുന്നതിനുള്ള ഫണ്ട് പരിമിതപ്പെടുത്തിയിരുന്നു. ഇത്തവണ ഫണ്ട് ലഭിച്ചില്ല. ഇതാണ് പ്രതിസന്ധിക്ക് കാരണമെന്ന് ഉദ്യോഗസ്ഥർ പറയുന്നു. സ്കൂള്‍, കോളജ്, സന്നദ്ധ സംഘടനകള്‍ എന്നിവര്‍ക്കാണ് സൗജന്യമായി തൈകള്‍ നല്‍കിയിരുന്നത്.
ഇത്തരത്തില്‍ സംസ്ഥാനത്ത് 140 സോഷ്യല്‍ ഫോറസ്റ്ററികളില്നിന്നായി ലക്ഷക്കണക്കിന് തൈകളാണ് വിതരണം ചെയ്യേണ്ടിയിരുന്നത്. 1300 കോടിയോളം രൂപ ആണ് ഫണ്ടിനത്തിൽ സംസ്ഥാനത്ത് ലഭിക്കേണ്ടിയിരുന്നതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. സംസ്ഥാനത്തെ കുളത്തുപ്പുഴ, തൃശൂര്‍ എന്നീ രണ്ട് നേഴ്സറികളില്‍ മാത്രമാണ് തൈകളുടെ വിതരണം നിലവിലുള്ളതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.