നേരേകടവ്-മാക്കേക്കടവ് ഫെറിയിൽ തിരക്കേറുന്നു
1565582
Saturday, June 7, 2025 7:30 AM IST
നേരേകടവ്:നേരേകടവ്-മാക്കേകടവ് ഫെറിയിലെ ചങ്ങാട സർവീസിൽ തിരക്കേറുന്നു. മാസങ്ങളായി നിലച്ചിരുന്ന ചങ്ങാട സർവീസ് കഴിഞ്ഞ ദിവസമാണ് പുനരാരംഭിച്ചത്. നേരേകടവ്-മാക്കേകടവ് കായൽപാലത്തിന്റെ നിർമാണം പുരോഗമിക്കുന്നതിനാൽ നേരേകടവ് ജെട്ടിയുടെ വടക്കുഭാഗത്ത് സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് കായലോരത്ത് തീർത്ത താത്കാലിക ജെട്ടിയിൽനിന്നാണ് ഇപ്പോൾ സർവീസ് നടത്തുന്നത്.
കായൽദൂരം 750 മീറ്റർ മാത്രമായ ഇവിടെ 20മിനിറ്റ് ഇടവിട്ടാണ് സർവീസ് നടത്തുന്നത്. ഭാരവാഹനങ്ങൾ ഒഴികെയുള്ള ഓട്ടോറിക്ഷ, കാർ, പെട്ടിവണ്ടി, ഇരുചക്രവാഹനങ്ങൾ തുടങ്ങിയവയും യാത്രികരുമാണ് ചങ്ങാടത്തിലൂടെ മറുകര കടക്കുന്നത്.