എല്ലാവരും തൈ നട്ടപ്പോൾ ഉഴവൂർ ബ്ലോക്ക് വിളവെടുത്ത് മാതൃകയായി
1565357
Friday, June 6, 2025 11:39 PM IST
കോഴാ: പരിസ്ഥിതിദിനം വഴിപാടാകുന്നുവെന്ന് പറയുന്നവർക്ക് ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് മാതൃക. കഴിഞ്ഞ വർഷം പരിസ്ഥിതി ദിനത്തിൽ നട്ട തൈകളിൽനിന്ന് വിളവെടുത്താണ് ഇത്തവണ ബ്ലോക്ക് പഞ്ചായത്ത് പരിസ്ഥിതിദിനാഘോഷം നടത്തിയത്.
തൊഴിലുറപ്പ് പദ്ധതിയുടെ സാധ്യതകളെ പ്രയോജനപ്പെടുത്തി കഴിഞ്ഞ പരിസ്ഥിതി ദിനത്തിൽ നട്ട വിദേശ ഇനം ഫലവൃക്ഷങ്ങളുടെ വിളവെടുപ്പാണ് നടത്തിയത്. കൃഷിയുടെ സംരക്ഷണവും പരിപാലനവും കാർഷിക കർമസേനാ അംഗങ്ങളാണ് നടത്തിയത്. ചാമ്പ, മാവ്, ഞാവൽ, നാരകം, പേര, ആത്ത, സപ്പോട്ട, മാതളം, ഇലുമ്പി, റംബുട്ടാൻ, സീതാപ്പിൾ മുതലായ 25ൽപ്പരം ഫലവൃക്ഷങ്ങളാണ് നട്ടത്. ഇതിലെ ഹ്രസ്വകാല ഇനങ്ങളിൽ നിന്നായിരുന്നു വിളവെടുപ്പ്.
വിളവെടുപ്പും ആഘോഷങ്ങളും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു ജോൺ നിർവഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് ഡോ. സിന്ധുമോൾ ജേക്കബ് അധ്യക്ഷത വഹിച്ചു. പി.എൻ. രാമചന്ദ്രൻ, കൊച്ചുറാണി സെബാസ്റ്റ്യൻ, ബിഡിഒ ഇൻ ചാർജ് ബിലാൽ കെ. റാം, നിർമല സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.