നാൽപ്പതിൽപ്പരം കർമപരിപാടികളുമായി അരുവിത്തുറ കോളജ്
1565159
Thursday, June 5, 2025 11:55 PM IST
അരുവിത്തുറ: നാൽപ്പതിൽപരം കർമപരിപാടികൾ സംഘടിപ്പിച്ച് അരുവിത്തുറ സെന്റ് ജോർജ് കോളജ് പരിസ്ഥിതിദിനം വ്യത്യസ്തമാക്കി. പരിസ്ഥിതി ദിനാചരണങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം നാല്പാമര തൈകൾ നട്ട് പരിസ്ഥിതി പ്രവർത്തകൻ ജോൺ പെരുവന്താനം നിർവഹിച്ചു.
കോളജ് ഐക്യുഎസിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ കോളജ് മാനേജർ ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ, ബർസാർ ഫാ. ബിജു കുന്നക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ, ഐക്യുഎസി കോ-ഓർഡിനേറ്റർ ഡോ. സുമേഷ് ജോർജ്, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഡോ. ഡെന്നി തോമസ് തുടങ്ങിയവർ പങ്കെടുത്തു.
പിജി കെമിസ്ട്രി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി സൗഹൃദ പേപ്പർ ബാഗുകളുടെ നിർമാണവും വിതരണവും പരിസ്ഥിതിപഠനയാത്രയും സംഘടിപ്പിച്ചു. പിജി ഫിസിക്സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ അരുവിത്തുറ സെന്റ് മേരീസ് എൽപി സ്കൂളിലെ വിദ്യാർഥികൾക്ക് വിത്തുകൾ അടങ്ങിയ പേപ്പർ പേനകൾ വിതരണം ചെയ്തു.
ഇക്കണോമിക്സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി സെമിനാറും ഡോക്കുമെന്ററി പ്രദർശനവും സംഘടിപ്പിച്ചു. ഫുഡ് സയൻസ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി പ്രശ്നോത്തരി മത്സരവും സ്ലോഗൻ രചനാ മത്സരവും ഡോക്കുമെന്ററി പ്രദർശനവും സംഘടിപ്പിച്ചു. പൊളിറ്റിക്സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതിക്ക് ഗുരുതരമായ ദോഷം വരുത്തുന്ന ആഫ്രിക്കൻ ഒച്ചുകളെ ഉന്മൂലനം ചെയ്യുന്നതിനുള്ള കർമപരിപാടിയാണ് നടത്തിയത്.
ഇംഗ്ലീഷ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ തീക്കോയി ഇല്ലിക്കുന്നിലേക്ക് പരിസ്ഥിതി പഠനയാത്രയും കൊമേഴ്സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ പേപ്പർ ബാഗ് നിർമാണ പരിശീലന പരിപാടിയും നടത്തി.
പിജി കൊമേഴ്സ് വിഭാഗത്തിന്റെ അഭിമുഖ്യത്തിൽ ഹരിതഭൂമി സദസും ബോട്ടണി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കാലംതെറ്റി പെയ്ത മഴ അപുഷ്പ സസ്യങ്ങളിൽ ഉണ്ടാക്കിയ വ്യതിയാനം സംബന്ധിച്ച പഠന സർവേയും സംഘടിപ്പിച്ചു. കോളജ് എൻസിസി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിസ്ഥിതി സംരക്ഷണ പരിപാടികൾ നടത്തി.