റൈസിംഗ് പൂഞ്ഞാർ: മുന്നൊരുക്ക സെമിനാർ നടത്തി
1564930
Thursday, June 5, 2025 5:06 AM IST
മുണ്ടക്കയം: സംസ്ഥാന വ്യവസായ വകുപ്പിന്റെ സംരംഭക വർഷാചരണത്തിന്റെ ഭാഗമായി പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ നടക്കുന്ന റൈസിംഗ് പൂഞ്ഞാർ നിക്ഷേപക സംഗമത്തിന്റെ മുന്നോടിയായി കാഞ്ഞിരപ്പള്ളി താലൂക്ക് വ്യവസായ ഓഫീസിന്റെ നേതൃത്വത്തിൽ മുന്നൊരുക്ക സെമിനാർ നടത്തി. മുണ്ടക്കയം പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന സമ്മേളനം സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് അധ്യക്ഷത വഹിച്ചു.
മുണ്ടക്കയം പഞ്ചായത്ത് പ്രസിഡന്റ് രേഖ ദാസ്, കൂട്ടിക്കൽ പഞ്ചായത്ത് പ്രസിഡന്റ് ബിജോയ് ജോസ്, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ടി.എസ്. കൃഷ്ണകുമാർ, പി.കെ. പ്രദീപ്, ടി.ജെ. മോഹനൻ, ജോഷി മംഗലം, ജൂബി അഷറഫ്, മുണ്ടക്കയം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീലമ്മ ഡൊമിനിക്, പഞ്ചായത്തംഗങ്ങളായ സി.വി. അനിൽകുമാർ, സുലോചന സുരേഷ്, ഷിജി ഷാജി തുടങ്ങിയവർ പ്രസംഗിച്ചു.
വനിതാ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യം വച്ചും ഭക്ഷ്യോപാധികളായ കാർഷിക ഉത്പന്നങ്ങൾ മൂല്യ വർധിത ഉത്പന്നങ്ങളാക്കി അധിക വരുമാനം നേടുന്നത് സംബന്ധിച്ചുമാണ് സെമിനാർ നടത്തിയത്. ഇതോടൊപ്പം കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ബേക്കറി ഉത്പന്നങ്ങൾ നിർമിക്കുന്നതിലും ബ്യൂട്ടീഷൻ കോഴ്സിലും പരിശീലനം നേടിയവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടത്തി.
ഒന്പതിന് ഈരാറ്റുപേട്ടയിൽ നടക്കുന്ന നിക്ഷേപക സംഗമത്തിലൂടെ ആയിരം കോടി രൂപയിൽ കുറയാത്ത നിക്ഷേപം ഉറപ്പുവരുത്തുകയും അതിലൂടെ പതിനായിരത്തിൽ കുറയാതെ പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനും ലക്ഷ്യംവച്ച് വിഷൻ 2030 എന്ന കാഴ്ചപ്പാടോടെയാണ് റൈസിംഗ് പൂഞ്ഞാർ ഇൻവെസ്റ്റേഴ്സ് മീറ്റ് നടത്തുന്നതെന്നും സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ പറഞ്ഞു.
ടൂറിസം, ഐടി, റബർ, ഭക്ഷ്യോപാധികളുടെ മൂല്യവർധിത ഉത്പാദന സംസ്കരണ യൂണിറ്റുകൾ, സുഗന്ധവ്യഞ്ജനാധിഷ്ഠിത ഉത്പന്ന നിർമാണങ്ങൾ, തടി വ്യവസായങ്ങൾ എന്നീ മേഖലകളിലെ സാധ്യതകൾ ഉപയോഗപ്പെടുത്തി സംരംഭകത്വ മേഖല വികസിപ്പിച്ച് മികച്ച വരുമാനസ്രോതസുകൾ ജനങ്ങളിലേക്ക് എത്തിക്കുക എന്നിവ ലക്ഷ്യം വച്ചാണ് ഇത്തരമൊരു മീറ്റ് സംഘടിപ്പിച്ചിരിക്കുന്നതെന്നും എംഎൽഎ പറഞ്ഞു.