ആശുപത്രി മാലിന്യങ്ങള്‍ റോഡരികില്‍ തള്ളുന്നു
1564925
Thursday, June 5, 2025 5:06 AM IST
പാലാ: ആശുപത്രി മാലിന്യങ്ങള്‍ റോഡരികില്‍ തള്ളി കടന്നുകളയുന്ന സംഘം നാട്ടുകാരെ ആശങ്കയിലാക്കുന്നു. പകര്‍ച്ചവ്യാധികള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഇത്തരം പ്രവൃത്തികള്‍ നാട്ടുകാരുടെ ഉറക്കം കെടുത്തുന്നത്.
കരൂര്‍ പഞ്ചായത്തിലെ നെടുമ്പാറ-കരൂര്‍ പള്ളി റോഡരികിലാണ് ആശുപത്രി മാലിന്യങ്ങള്‍ തള്ളപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇത് മൂന്നാം തവണയാണ് മാലിന്യക്കെട്ടുകള്‍ തള്ളപ്പെട്ട നിലയില്‍ കാണപ്പെട്ടത്. രാത്രികാലങ്ങളില്‍ വാഹനങ്ങളിലെത്തിച്ച് മാലിന്യങ്ങള്‍ തള്ളി കടന്നുകളയുകയാണ് ചെയ്യുന്നത്.
ആശുപത്രികളിലും ലാബുകളിലും ക്ലിനിക്കുകളിലും ഉപയോഗിക്കുന്ന സിറിഞ്ച്, കോട്ടണ്‍ വേസ്റ്റ്, സൂചികള്‍ ഉള്‍പ്പെടെയുള്ളവയാണ് കാണപ്പെട്ടത്. ഈ റോഡിനു സമീപമുള്ള ചെറുതോട്ടിലാണ് ഇവ തള്ളിയിരിക്കുന്നത്. ഇവിടെനിന്നുള്ള വെള്ളം ളാലം തോട്ടിലാണ് ഒഴുകിയെത്തുന്നത്. നൂറുകണക്കിന് ആളുകളുടെ ആശ്രയമായ കരൂര്‍ കുടിവെള്ള പദ്ധതിയുടെ കിണര്‍ സ്ഥിതി ചെയ്യുന്നത് ഇവിടെനിന്ന് അര കിലോമീറ്റര്‍ മാത്രം അകലെയാണ്.
ജലസ്രോതസിനു സമീപവും പൊതുസ്ഥലത്തും മാലിന്യങ്ങള്‍ തള്ളിയവരെ ഉടന്‍ കണ്ടെത്തണമെന്നും കര്‍ശന നടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. സമീപവാസികളായ മുപ്പതിലധികം ആളുകള്‍ ഒപ്പിട്ട പരാതി പോലീസ്, പഞ്ചായത്ത് അധികൃതര്‍ക്ക് നല്‍കിയിട്ടുണ്ട്.