ഭിന്നശേഷിക്കാരുടെ സംരക്ഷണം സമൂഹത്തിന്റെകൂടി ഉത്തരവാദിത്തം: കെ.വി. ബിന്ദു
1484415
Wednesday, December 4, 2024 6:50 AM IST
കോട്ടയം: ഭിന്നശേഷിക്കാരുടെ സംരക്ഷണം കുടുംബത്തിന്റെ മാത്രം ഉത്തരവാദിത്തമല്ലെന്നും സമൂഹത്തിന്റെ കൂടി ഉത്തരവാദിത്തമാണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു. സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ രാജ്യാന്തര ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായുള്ള ജില്ലാതല പരിപാടി ഉണർവ് -2024ന്റെ ഉദ്ഘാടനം കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അവർ.
95 ശതമാനം കേഴ്വി പരിമിതിയുമായി ജനിച്ചിട്ടും ഇരുപത്തേഴാം വയസിൽ യുപിഎസ്സി പരീക്ഷ ജയിച്ച് ഐഎഎസ് നേടിയ കോട്ടയം സബ് കളക്ടർ ഡി. രഞ്ജിത്തിനെ യോഗത്തിൽ ജില്ലാ പഞ്ചായത്തു പ്രസിഡന്റ് ആദരിച്ചു. ജന്മനാ പരിമിതികളുണ്ടായിരുന്ന തനിക്ക് 15 വർഷത്തോളം നീണ്ട തീവ്രപരിശീലനത്തിലൂടെയാണ് സംസാരിക്കാൻ സാധിച്ചതെന്നു ആശംസാപ്രസംഗത്തിൽ സബ് കളക്ടർ ഡി. രഞ്ജിത്ത് പറഞ്ഞു.
സ്പെയിനിൽ നടന്ന ഗോഥിയ കപ്പിൽ ജേതാക്കളായ ഇന്ത്യൻ സ്പെഷൽ ഒളിമ്പിക് ദേശീയ ഫുട്ബോൾ ടീം അംഗങ്ങളായ കോട്ടയം സ്വദേശികളായ ആരോമൽ ജോസഫ്, അഭി ജോസ്, ബ്ളൈൻഡ് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ടോമി ജോസഫ്, സാമൂഹികനീതി വകുപ്പിന്റെ വിജയാമൃതം പദ്ധതിയിലൂടെ എംകോമിന് ഉന്നത വിജയം നേടിയ എൻ. അബ്ദുൾ ബാസിത്,
കലാകായിക മേഖലകളിൽ ഭിന്നശേഷിക്കാർക്കു കൂടുതൽ നേട്ടങ്ങൾ കൈവരിക്കുന്നതിനുള്ള സാമൂഹികനീതി വകുപ്പിന്റെ ശ്രേഷ്ഠ പദ്ധതിയിൽ പങ്കാളികളായ ആരോമൽ ജോസ്, സൗമ്യ സൈമൺ, വിറ്റോ പി. വിൽസൺ, ഐറിൻ ആൻ സിബി, സനീഷ് മാത്യു എന്നിവരെയും ചടങ്ങിൽ ആദരിച്ചു.
കോട്ടയം നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. സബ് കളക്ടർ ഡി. രഞ്ജിത്ത്, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ബീന പി. ആനന്ദ്, നഗരസഭാംഗം ജയമോൾ ജോസഫ്, ജില്ലാ സാമൂഹ്യനീതി ഓഫീസർ പി. പ്രദീപ് എന്നിവർ പ്രസംഗിച്ചു.