കോട്ടയം കെഎസ്ആര്‍ടിസിയില്‍ മെഡിക്കല്‍ കെയര്‍ സംവിധാനം വരുന്നു
1467181
Thursday, November 7, 2024 5:35 AM IST
കോട്ടയം: കെഎസ്ആര്‍ടിസി ഡിപ്പോയില്‍ മെഡിക്കല്‍ കെയര്‍ സംവിധാനം സജ്ജമാകുന്നു. ജെറിയാട്രിക്സും എല്ലാ തരത്തിലുമുള്ള അത്യാഹിതങ്ങളും കൈകാര്യം ചെയ്യാന്‍ പ്രാപ്തമായ രീതിയിലുള്ള എമര്‍ജന്‍സി മെഡിക്കല്‍ കെയര്‍ യൂണിറ്റാണ് ആരംഭിക്കുന്നത്. 24 മണിക്കൂറും തുറന്നു പ്രവര്‍ത്തിക്കും.
ആദ്യഘട്ടത്തില്‍ കെഎസ്ആര്‍ടിസിയുടെ 14 ഡിപ്പോകള്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം തുടങ്ങുന്നത്.
കോട്ടയത്തിനു പുറമേ തിരുവനന്തപുരം സെന്‍ട്രല്‍, കൊട്ടാരക്കര, കൊല്ലം, പത്തനംതിട്ട, എറണാകുളം, പാലക്കാട്, കോഴിക്കോട്, സുല്‍ത്താന്‍ ബത്തേരി, കണ്ണൂര്‍, കാസര്‍ഗോഡ്, നെയ്യാറ്റിന്‍കര, നെടുമങ്ങാട്, തൃശൂര്‍ എന്നീ 14 കെഎസ്ആര്‍ടിസി യൂണിറ്റുകളിലാണ് എമര്‍ജന്‍സി മെഡിക്കല്‍ കെയര്‍ യൂണിറ്റുകള്‍ തുടങ്ങുന്നത്.
ആദ്യ എമര്‍ജന്‍സി മെഡിക്കല്‍ കെയര്‍ യൂണിറ്റിന്റെ ഉദ്ഘാടനം തിരുവനന്തപുരം സെന്‍ട്രല്‍ ബസ് സ്റ്റാന്‍ഡില്‍ നടന്ന ചടങ്ങില്‍ മന്ത്രി കെ.ബി. ഗണേഷ്കുമാര് നിര്‍വഹിച്ചു. സൊസൈറ്റി ഫോര്‍ എമര്‍ജന്‍സി മെഡിസിന് കേരളയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.