ഭരണങ്ങാനം: വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിന് ഒരുക്കമായി ഭരണങ്ങാനം അല്‍ഫോന്‍സാ തീര്‍ഥാടനകേന്ദ്രത്തില്‍ ഇന്ന് മുതല്‍ 28 വരെ അഞ്ച് മിനിറ്റ് ദൈര്‍ഘ്യമുള്ള അല്ഫോന്സിയന് ധ്യാന ചിന്തകള്‍ പ്രക്ഷേപണം ചെയ്യും. ധ്യാന ചിന്തകള്‍ നല്‍കുന്നത് തെള്ളകം കപ്പുച്ചിന്‍ വിദ്യാഭവനിലെ ആശ്രമാംഗങ്ങളാണ്.
വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിനൊരുക്കമായി നടത്തുന്ന ഈ ഓണ്‍ലൈന്‍ ധ്യാനത്തില്‍ അല്‍ഫോന്‍സാമ്മയുടെ ജീവിതം മുഴുവന്‍ വിചിന്തനങ്ങള്‍ക്ക് വിഷയമാകും. നിര്‍മല ബാല്യം, കൗമാര തിളക്കം, സ്കൂള്‍ വിദ്യാര്‍ഥിനി, അധ്യാപിക, അഗ്നി സ്നാനം, സന്യാസാര്‍ത്ഥിനി, രോഗിണി, സ്നേഹപ്രകൃതി, സുകൃതങ്ങള്‍ ആഭരണങ്ങളാക്കിയവള്,
വിശുദ്ധരുടെ സ്നേഹിത, ദിവ്യകാരുണ്യ ഭക്ത, നിദ്രാവിഹീന, സഹനപുത്രി, ഭാഷാജ്ഞാനം, അഴുകുന്ന ഗോതമ്പ് മണി, കുരിശിന്റെ പാരവശ്യം, ഇരുണ്ട രാത്രി, നിര്‍മല ജീവിതമാക്കിയവള്, ഹൃദയ ജ്ഞാനം, ക്ഷമയുടെ പാരമ്യം, സുകൃതസുഗന്ധം, തിരുഹൃദയ ഭക്ത, മരിയന്‍ ഭക്തി, യൗസേപ്പിതാവിന്റെ കാവലില്‍, ആത്മാന്ധകാരം, ദൈവ ഇഷ്ടം, വിശുദ്ധിയുടെ ആത്മാവ് എന്നീ 28 വിഷയങ്ങളാണ് ധ്യാനത്തില്‍ പ്രതിപാദിക്കുന്നത്.
സ്ലീവാ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടത്തുന്നതാണ് ഈ ആത്മീയ വിചിന്തന യാത്ര. അല്‍ഫോന്‍സാ തീര്‍ഥാടനകേന്ദ്രം യൂ ട്യൂബ് ചാനലിലും കപ്പുച്ചിന്‍ മീഡിയയിലും ഓരോ ദിവസവും വൈകുന്നേരം ആറിന് ധ്യാനറീലുകള് ലഭ്യമാകും.
ഭരണങ്ങാനം വിശുദ്ധ അല്‍ഫോന്‍സാ തീര്‍ഥാടന കേന്ദ്രം റെക്ടര്‍ ഫാ. അഗസ്റ്റിന് പാലയ്ക്കാപറമ്പിലും അഡ്മിനിട്രേറ്റര്‍ ഫാ. ഗര്‍വാസീസ് ആനിത്തോട്ടവും വൈസ് റെക്ടര്‍ ഫാ. ആന്റണി തോണക്കരയും സ്ലീവാ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും.