തലവടി പൂന്തുരുത്തിയില്‍ ആരോഗ്യ പ്രവര്ത്തകയില്ല; ജനം ദുരിതത്തിൽ
1576955
Friday, July 18, 2025 11:34 PM IST
എടത്വ: തലവടി പൂന്തുരുത്തിയില്‍ ആരോഗ്യപ്രവര്ത്തകയില്ല. ആരോഗ്യ-സാമൂഹിക പ്രവര്‍ത്തനം നിലച്ചതോടെ ദുരിതത്തിലായി പൊതുജനം. തലവടി പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ പൂന്തുരുത്തി പ്രദേശത്താണ് ആശാപ്രവര്‍ത്തക ഇല്ലാതായതോടെ സേവനം നിലച്ചത്.
ഒന്നാം വാര്‍ഡിലെ ആശാ പ്രവര്‍ത്തക ബിന്ദുനന്ദനെ പൂന്തുരുത്തിയിലേക്കു മാറ്റാനുള്ള ശ്രമം നടത്തിയിരുന്നു. കഴിഞ്ഞ തദ്ദേശ സ്വയംഭരണ പൊതു തെരഞ്ഞെടുപ്പില്‍ ഒന്നാം വാര്‍ഡില്‍നിന്ന് യുഡിഎഫ് സ്ഥാനാര്‍ഥിയായ ബിന്ദു നന്ദന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. ഒന്നാം വാര്‍ഡില്‍നിന്ന് മൂന്നാം വാര്‍ഡിലേക്കുള്ള ബിന്ദു നന്ദന്റെ തിരക്കിട്ട സ്ഥലം മാറ്റത്തിന് പിന്നില്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
മൂന്നാം വാര്‍ഡിലേക്കു മാറ്റാനുള്ള ശ്രമം നടന്നെങ്കിലും വിജയിച്ചില്ല. കളങ്ങരയിലെ ഒരു ജീവന് രക്ഷാ പ്രവര്‍ത്തനത്തില്‍ ഇടപെട്ട ബിന്ദുവിനെ മാറ്റാന്‍ ഡിഎംഒ തടസംനിന്നതാണ് സ്ഥലം മാറ്റം പരാജയപ്പെട്ടത്.
തലവടി പഞ്ചായത്തിലെ 15 വാര്‍ഡുകളിലായി 21 ആശാ പ്രവര്‍ത്തകരുടെ സേവനം ലഭ്യമായിരുന്നു. 14-ാം വാര്‍ഡിലെ ആശാ പ്രവര്‍ത്തകയെ സ്ഥലം മാറ്റാന്‍ തുനിഞ്ഞതോടെ ഇവര്‍ ജോലി ഉപേക്ഷിച്ചിരുന്നു. നിലവില്‍ 20 ആശമാര്‍ മാത്രമാണ് പഞ്ചായത്തില്‍ സേവനം ചെയ്യുന്നത്. ആരോഗ്യ-സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവമായി നില്‍ക്കേണ്ട ആശാ പ്രവര്‍ത്തകയുടെ അഭാവം പ്രദേശത്തെ ഏറെ ബാധിച്ചിട്ടുണ്ട്.
ഗര്‍ഭിണികള്‍ മുതല്‍ കിടപ്പുരോഗികള്‍ വരെയുള്ള ആളുകളെ നിരീക്ഷിച്ച് സമയാസമയത്ത് പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളില്‍ റിപ്പോര്‍ട്ട് നല്‍കണം. പാലൂട്ടുന്ന അമ്മമാര്‍ക്കും അങ്കണവാടി കുട്ടികള്‍ക്കും പോഷകാഹര വിതരണം, രോഗപ്രതിരോധമാര്‍ഗങ്ങള്‍ സ്വീകരിക്കല്‍, മാലിന്യ സംസ്കരണത്തിന് ആവശ്യമായ നിര്‍ദേശം നല്‍കുക തുടങ്ങി ഒട്ടേറെ പ്രവര്‍ത്തനങ്ങളാണ് വാര്‍ഡില്‍ മുടങ്ങിക്കിടക്കുന്നത്.
പൊതുജനങ്ങളുടെ പരാതി ഏറിയതോടെ പഞ്ചായത്തിലെ എല്ലാ ആശാ പ്രവര്‍ത്തകരും ഇന്നലെ പൂന്തുരുത്തിയില്‍ എത്തി ആവശ്യമായ നടപടി സ്വീകരിച്ചിരുന്നു. ആശാ പ്രവര്‍ത്തകയുടെ സേവനം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഇതിനോടകം നാട്ടുകാര്‍ പലതവണ പഞ്ചായത്തില്‍ പരാതിപ്പട്ടിരുന്നു.
എന്നാല്‍, പഞ്ചായത്ത് അധികൃതര്‍ കണ്ണടച്ച മട്ടിലാണ്. വാര്‍ഡിലെ ആരോഗ്യ-സാമൂഹിക പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ അടിയന്തരമായി ആശാ പ്രവര്‍ത്തകയെ നിയമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.