ദേശീയപാതയുടെ കുഴിയിൽ വീണ് യുവാവിനു ഗുരുതര പരിക്ക്
1576639
Friday, July 18, 2025 3:24 AM IST
തുറവൂർ: പുതുതായി പണിത ആറുവരി ദേശീയപാതയിലെ കുഴിയിൽ വീണ് യുവാവിന് ഗുരുതര പരിക്ക്. ആലപ്പുഴ സ്വദേശിയായ ബൈക്ക് യാത്രികനാണ് കുഴിയിൽ വീണ് ഗുരുതരമായി പരിക്കേറ്റത്.
ദേശീയപാതയിൽ പുത്തൻചന്ത ഭാഗത്തായിരുന്നു അപകടം. എറണാകുളം ഭാഗത്തു നിന്ന് ആലപ്പുഴയ്ക്ക് ബൈക്കിൽ പോകുമ്പോൾ പുതുതായി പണിതീർത്ത ദേശീയപാതയിലെ വലിയ കുഴിയിൽ വീഴുകയായിരുന്നു. തുറവൂർ പഞ്ചായത്ത് ഓഫീസിന് തെക്ക് ഭാഗത്തായി വൻഗർത്തമാണ് രൂപപ്പെട്ടിരിക്കുന്നത്.
ചെറിയ മഴയിൽ തന്നെ പ്രദേശത്തെ റോഡ് കുളമായത് വൻ വിവാദമായിരിക്കുകയാണ്. നിരവധി വാഹനങ്ങളാണ് ഇവിടെ അപകടത്തിൽപ്പെടുന്നത്. കുഴിയിൽ വീണ് പരിക്കേറ്റ യുവാവിനെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.