സ്കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം ഇന്ന്
1576630
Friday, July 18, 2025 3:24 AM IST
ചേര്‍ത്തല: ശ്രീനാരായണ മെമ്മോറിയല്‍ ഗവ. ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലും ചേര്‍ത്തല ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലും പുതുതായി നിര്‍മിച്ച കെട്ടിടങ്ങളുടെ ഉദ്ഘാടനം ഇന്ന് നടത്തും.
ഉദ്ഘാടനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി നഗരസഭാ ചെയര്‍പേഴ്സണ്‍ ഷേര്‍ളി ഭാര്ഗവന്, വൈസ് ചെയര്മാന് ടി.എസ്. അജയകുമാര്‍, പിടിഎ പ്രസിഡന്റ് എസ്.ജി. രാജു, കെ. ബാബുമോന്, അമൃത ബില്‍ഡേഴ്സ് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
വിദ്യാകിരണം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 1.3 കോടി രൂപ ചെലവഴിച്ചാണ് ശ്രീനാരായണ മെമ്മോറിയല്‍ ഗവ. ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ആധുനിക സൗകര്യങ്ങളുള്ള കെട്ടിടം നിര്‍മിച്ചത്. ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ കെട്ടിടം, കിഫ്ബിയിലെ അഞ്ചു കോടി രൂപയും പി. തിലോത്തമന്റെ ആസ്തി വികസന ഫണ്ടിലെ ഒരുകോടി രൂപയും ഉപയോഗിച്ചാണ് നിര്‍മിച്ചത്.
വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ശ്രീനാരായണ മെമ്മോറിയല്‍ ഗവ. ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ കെട്ടിടവും 9.30ന് ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ കെട്ടിടവും മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും. ഗവ. ഗേള്‍സ് ഹൈസ്കൂള്‍ അങ്കണത്തില്‍ ചേരുന്ന സമ്മേളനത്തില്‍ മന്ത്രി പി. പ്രസാദ് അധ്യക്ഷനാകും. കെ.സി. വേണുഗോപാല്‍ എംപി മുഖ്യാതിഥിയാകും.