സിപിഎം നേതാവ് വീടുപൂട്ടി കൊടികുത്തി; നിർധന കുടുംബം പെരുവഴിയിൽ
1576638
Friday, July 18, 2025 3:24 AM IST
ചാരുംമൂട്: കനാൽ പുറമ്പോക്കിൽ നിർധന കുടുംബം താമസിച്ച വീട് സിപിഎം നേതാവ് പൂട്ടി കൊടികുത്തി. ഇതേത്തുടർന്ന് നിർധന കുടുംബം മഴയത്ത് പെരുവഴിയിലായി.
പ്രതിഷേധം ശക്തമായതിനെത്തുടർന്ന് രാത്രി എട്ടോടെ നൂറനാട് പോലീസെത്തി വീട് തുറപ്പിച്ച് നിർധന കുടുംബത്തെ വീടിനുള്ളിലാക്കി. നൂറനാട് ആദിക്കാട്ടുകുളങ്ങര കളത്തിൽ വീട്ടിൽ ഡ്രൈവർ അർഷാദ്, ഭാര്യ റജബ്, മക്കളായ ആയിഷ, മൂന്നുവയസുകാരി അഹന എന്നിവരെയാണ് ഇറക്കിവിട്ട് വീട് പൂട്ടിയത്. സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി നൗഷാദിനെതിരെ കുടുംബം നൂറനാട് പോലീസിൽ പരാതി നൽകി. മുമ്പ് മറ്റൊരു കുടുംബമാണ് അടച്ചുപൂട്ടിയ വീട്ടിൽ താമസിച്ചിരുന്നത്.
ഇവർ താമസം മാറുകയും ഒരാഴ്ച മുമ്പ് വീട് നിർധന കുടുംബത്തിന് കൈമാറ്റം ചെയ്യുകയുമായിരുന്നു. മുമ്പ് താമസിച്ച കുടുംബവുമായി ഉണ്ടായ സാമ്പത്തിക വിഷയങ്ങളാണ് സംഭവത്തിനു പിന്നിലെന്നാണ് പോലീസ് നൽകുന്ന സൂചന. പന്തളം സ്വദേശിനി ഷംല എന്ന ബന്ധുവാണ് ഇവർക്ക് താമസിക്കാൻ വീട് നൽകിയത്.