കൊല്ലം-തേനി ദേശീയപാത 183 വികസനം : മന്ത്രി സജി ചെറിയാന്റെ പ്രതികരണം വസ്തുതകൾ മനസിലാക്കാതെ: കൊടിക്കുന്നിൽ
1576948
Friday, July 18, 2025 11:34 PM IST
ചാരുംമൂട്: കൊല്ലം- തേനി ദേശീയപാത 183 നാലുവരിയായി വികസിപ്പിക്കുന്നതിനെതിരേയുള്ള മന്ത്രി സജി ചെറിയാന്റെ നിലപാട് ഇരട്ടത്താപ്പും വികസനവിരുദ്ധതയുമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി. നിലവിലെ വാഹനഗതാഗതത്തിന്റെ ഉയർന്ന നിരക്കനുസരിച്ച് ഏറ്റവും കുറച്ചു സ്ഥലം ഏറ്റെടുത്തുകൊണ്ട് 24 മീറ്ററിൽ നാലുവരിയായി വികസിപ്പിക്കാൻ ഇതിനോടകം തീരുമാനമായിട്ടുള്ളതാണ്. ഈ തീരുമാനത്തിനു കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പരിപൂർണ പിന്തുണയുമുണ്ട്. മന്ത്രി സജി ചെറിയാൻ ഇപ്പോൾ നടത്തുന്ന പ്രസ്താവനകൾ ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ ഉണ്ടാക്കുക എന്ന ഒറ്റ ലക്ഷ്യം മാത്രം മുൻനിർത്തിയുള്ളതാണന്നും കൊടിക്കുന്നിൽ പറഞ്ഞു.
നിലവിലുള്ള ദേശീയപാത വികസിപ്പിക്കുന്നതുവഴി ഏറ്റവും കുറച്ചു സ്ഥലം മാത്രമാണ് പുതുതായി ഏറ്റെടുക്കേണ്ടിവരിക. എന്നാൽ, പുതിയ റോഡ് നിർമിക്കണമെങ്കിൽ ഇപ്പോൾ ഏറ്റെടുക്കുന്നതിലും അഞ്ചിരട്ടി ഭൂമിയെങ്കിലും പുതുതായി ഏറ്റെടുക്കേണ്ടി വരും. പാരിസ്ഥിതിക സാമൂഹിക ആഘാതം ഉയർന്ന തോതിൽ ഉണ്ടാകുന്ന തരത്തിൽ തണ്ണീർത്തടങ്ങളും ജലസ്രോതസുകളുമടക്കം നികത്തേണ്ടിവരും. എന്നാൽ, നിലവിലുള്ള റോഡ് വികസിപ്പിച്ചാൽ ഇത്തരം കാര്യങ്ങളിൽ പരമാവധി ആഘാതം കുറയ്ക്കാൻ കഴിയുമെന്ന് മാത്രമല്ല സ്ഥലം നഷ്ടമാകുന്നവർക്ക് ഏറ്റവും ഉയർന്ന നഷ്ടപരിഹാരം ലഭിക്കുകയും ചെയ്യും.
സജി ചെറിയാന്റെ ദേശീയപാത വികസനത്തിന് എതിരേയുള്ള നിലപാട് സംശയാസ്പദമാണ്. വിവിധ പഠനങ്ങൾക്കു ശേഷം ദേശീയപാത വികസനത്തിന് ഏറ്റവും അനുയോജ്യം എന്ന നിലയിലാണ് നിലവിലുള്ള പാത നാലുവരിയായി വികസിപ്പിക്കുന്നതിന് അന്തിമതീരുമാനം എടുത്തിട്ടുള്ളത്. ഇതിനാലാണ് പാതാ വികസനവുമായി ബന്ധപ്പെട്ടിട്ടുള്ള അലൈൻമെന്റ് അംഗീകരിക്കുകയും സ്ഥലം ഏറ്റെടുക്കലിനു മുന്നോടിയായുള്ള ത്രീ എ ഗസറ്റ് നോട്ടിഫിക്കേഷൻ അടക്കമുള്ളവ പ്രസിദ്ധീകരിക്കുകയും എസ്റ്റിമേറ്റ് പ്രകാരമുള്ള തുക അന്തിമ അംഗീകാരത്തിനായി ഫിനാൻസ് കമ്മിറ്റിയിൽ സമർപ്പിച്ചിട്ടുമുള്ളത്.
ചെങ്ങന്നൂർ ആഞ്ഞിലിമൂട് മുതൽ കോട്ടയം ഐഡാ ജംഗ്ഷൻ വരെയുള്ള ഭാഗം ഇതിനോടകം ദേശീയപാത വിഭാഗം ഏറ്റെടുത്തിട്ടുള്ളതാണ്. നിലവിൽ 36 കോടി രൂപ മുടക്കി നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. ഈ ഭാഗത്തെ തുടർവികസന പ്രവർത്തനങ്ങൾ ഏതുതരത്തിൽ നടപ്പിലാക്കണമെന്നുള്ളതിനെ സംബന്ധിച്ചുള്ള വിശദമായ പഠനം താമസിയാതെ ആരംഭിക്കും.
പഠനത്തിനുള്ള ഏജൻസിയെ ക്ഷണിച്ചുകൊണ്ടുള്ള ടെൻഡർ നടപടിക്രമങ്ങളാണ് ഇപ്പോൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. ടെൻഡർ നടപടികൾക്കു ശേഷം പാതവികസനവുമായി ബന്ധപ്പെട്ടുള്ള സ്റ്റേക്ക്ഹോൾഡർ കൺസൾട്ടേഷൻ അടക്കമുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ചായിരിക്കും അന്തിമ തീരുമാനത്തിലേക്ക് എത്തുക. ഈ ഭാഗത്തെ പാതവികസനം ഏറ്റവും അവസാനഘട്ടത്തിൽ ആയിരിക്കും നടപ്പിലാക്കുക.
വസ്തുത ഇതായിരിക്കേ ഈ ഭാഗത്തെ ചില വ്യാപാരികളെ തെറ്റിദ്ധരിപ്പിച്ച് റോഡ് വികസനത്തിനെതിരേ നിലനിർത്താനാണ് മന്ത്രി സജി ചെറിയാന്റെ ശ്രമമെന്നും കൊടിക്കുന്നിൽ സുരേഷ് പ്രസ്താവനയിൽ പറഞ്ഞു. മുഖ്യമന്ത്രിക്കും സംസ്ഥാന സർക്കാരിനും കൊല്ലം - തേനി ദേശീയപാതവികസനവുമായി ബന്ധപ്പെട്ട് അനുകൂലമായ നിലപാടാണുള്ളത്.
അതിനു വിഭിന്നമായി മന്ത്രി സജി ചെറിയാൻ നിലപാട് സ്വീകരിച്ചതിനു പിന്നിൽ സ്ഥാപിത താത്പര്യങ്ങൾ ഉണ്ടായേക്കാമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി വിമർശിച്ചു. കഴിഞ്ഞ ദിവസമാണ് മന്ത്രി സജി ചെറിയാൻ കൊല്ലം-തേനി ദേശീയപാത 183ന്റെ നിർദ്ദിഷ്ട അലൈൻമെന്റ് അടിയന്തരമായി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടത്.