സ്കൂളിലെ പ്രാര്‍ഥനകള്‍ ന്യൂനപക്ഷ അവകാശം: കത്തോലിക്ക കോണ്‍ഗ്രസ്
1576954
Friday, July 18, 2025 11:34 PM IST
എടത്വ: സ്കൂളുകളിലെ പ്രാര്‍ഥനകള്‍ ന്യൂനപക്ഷ അവകാശമാണെന്ന് കത്തോലിക്ക കോണ്‍ഗ്രസ്. ന്യൂനപക്ഷ വിഭാഗങ്ങളുടെ വിദ്യാലയങ്ങളില്‍ കാലങ്ങളായി നിലനിന്നുവരുന്ന പ്രാര്‍ഥനാ രീതികള്‍ മാറ്റിമാറിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. പൊതുസമൂഹം സഹിഷ്ണുതയോടെ മാനിക്കുകയും മൂല്യവത്തായി കണക്കാക്കുകയും ചെയ്യുന്ന നല്ല ശീലങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്യുന്ന പ്രവണതകള്‍ അവസാനിപ്പിക്കണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് മരിയാപുരത്ത് ചേര്‍ന്ന നേതൃയോഗം ആവശ്യപ്പെട്ടു. സ്കൂളുകളിലെ പ്രാര്‍ഥനകള്‍ ആരുടെയും മതബോധത്തെ വ്യതിചലിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളതല്ല എന്ന പരമാര്‍ഥം എല്ലാവര്ക്കും അറിയാമെന്നും യോഗം വിലയിരുത്തി. പ്രീസ്റ്റ് ഇന്‍ ചാര്‍ജ് റവ. ഡോ. അജോ പീഡിയേക്കല്‍ ഉദ്ഘാടനം ചെയ്തു.
ഫൊറോനാ പ്രസിഡന്റ് തോമസ് ഫ്രാന്‍സിസ് അധ്യക്ഷത വഹിച്ചു. ജോസ് ചെറിയാന്, വി.ഡി. ജോസ്, ത്രേസ്യാമ്മ ജോസഫ്, ജോസ് ജോസഫ്, ലൂയിസ് പി. ജോര്‍ജ്, മോഡി വര്‍ഗീസ്, മിനി ജോസ് എന്നിവര്‍ പ്രസംഗിച്ചു. അതിരൂപത കത്തോലിക്ക കോണ്‍ഗ്രസ് ജൂലായ് 20ന് സംഘടിപ്പിക്കുന്ന സമുദായ ശാക്തീകരണ സംഗമം കാനാന്‍ മിഷന് 2025ന് യോഗം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. കാനാന്‍ മിഷന് 2025 ലേക്കുള്ള പ്രതിനിധികളുടെ തെരഞ്ഞെടുപ്പും നടന്നു.