നാടിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്കൊപ്പം വിദ്യാഭ്യാസമേഖലയ്ക്കും പ്രാധാന്യം: ദലീമ ജോജോ
1576946
Friday, July 18, 2025 11:34 PM IST
ആലപ്പുഴ: നാടിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്കൊപ്പം വിദ്യാഭ്യാസമേഖലയ്ക്കും സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നതെന്ന് ദലീമ ജോജോ എംഎല്‍എ. എരമല്ലൂര്‍ ഗവ. എന്‍എസ് എല്‍പി സ്കൂള്‍ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു എംഎല്‍എ. വിദ്യാര്‍ഥികള്‍ക്കു നല്കാന് കഴിയുന്ന ഏറ്റവും വലിയ സമ്മാനമാണ് മികച്ച സൗകര്യങ്ങളുള്ള ക്ലാസ് മുറികള്‍. ആധുനിക രീതിയിലുള്ള പഠനസൗകര്യം ലഭിക്കുന്നത് കുട്ടികളുടെ മുന്നോട്ടുള്ള ജീവിതത്തിനു വലിയ മുതല്‍ക്കൂട്ടാകുമെന്നും എംഎല്‍എ പറഞ്ഞു.
പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി ദലീമ ജോജോ എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് അനുവദിച്ച 56 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ സ്കൂള്‍ കെട്ടിടം നിര്‍മിച്ചിച്ചത്. വിശാലമായ രണ്ടു ക്ലാസ് മുറികള്‍, സ്റ്റെയര്‍ റൂം എന്നിവയാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.
സ്കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മേരി ടെല്‍ഷ്യ അധ്യക്ഷയായി.
എഴുപുന്ന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്. പ്രദീപ്, പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്. ജീവന്, എഴുപുന്ന ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീലേഖ അശോക്, എഴുപുന്ന ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ പി.കെ. മധുക്കുട്ടന്‍, ദീപ ടീച്ചര്‍, പഞ്ചായത്തംഗങ്ങളായ ഇ.കെ. പ്രവീണ്‍, കെ.പി. സ്മിനീഷ്, ടി.എസ്. ശ്രീജിത്ത്, സി.എസ്. അഖില്‍, ബിന്ദു വിജയന്, ലത അനില്‍, എന്‍എസ് എല്‍പി സ്കൂള്‍ പ്രഥമാധ്യാപകന് ജെ.എ. അജിമോന്, മറ്റു ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.