കേരളത്തെ വ്യവസായ സൗഹൃദകേന്ദ്രമാക്കിയതില് കുടുംബശ്രീക്ക് നിര്‍ണായക പങ്ക്: കെ.ജി. രാജേശ്വരി
1576950
Friday, July 18, 2025 11:34 PM IST
ആലപ്പുഴ: കേരളത്തെ വ്യവസായ സൗഹൃദ കേന്ദ്രമാക്കി മാറ്റിയതില്‍ കുടുംബശ്രീക്ക് നിര്‍ണായക പങ്കുണ്ടെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി. കുടുംബശ്രീ ജില്ലാമിഷനും ആലപ്പുഴ പ്രസ് ക്ലബും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും സംയുക്തമായി ആലപ്പുഴ കയര്‍ കോര്പ്പറേഷന് ഹാളില്‍ സംഘടിപ്പിച്ച മാധ്യമ ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.
സ്ത്രീ ശക്തീകരണത്തിന് വിദ്യാഭ്യാസവും അധികാരവും പോലെ അത്യന്താപേക്ഷിതമാണ് സാമ്പത്തിക ഭദ്രതയും. ഇതിനായി കുടുംബശ്രീ സംരംഭങ്ങള്‍ സ്ത്രീകള്‍ക്ക് ഏറ്റവും നല്ല വരുമാന ഉപാധിയായി മാറ്റിയെടുക്കണമെന്നും അവര്‍ക്കു സമൂഹത്തിന്റെ എല്ലാവിധ പിന്തുണയും ഉണ്ടാകണമെന്നും പ്രസിഡന്റ് പറഞ്ഞു.
ശില്പശാലയില് കുടുംബശ്രീയുടെ വിവിധ പദ്ധതികളെക്കുറിച്ച് വിശദീകരിച്ചു. ജില്ലയിലെ മികച്ച കുടുംബശ്രീ സംരംഭകരുടെ അനുഭവം പങ്കുവെക്കല്‍, കുടുംബശ്രീ പ്രവര്‍ത്തനങ്ങളില്‍ മാധ്യമപ്രവര്‍ത്തകരുടെ പങ്ക് എന്ന വിഷയത്തില്‍ ചര്‍ച്ചയും നടന്നു.
കുടുംബശ്രീ ജില്ലാ മിഷന് കോ- ഓര്ഡിനേറ്റര്എസ്. രഞ്ജിത്ത് അധ്യക്ഷനായി. പ്രസ് ക്ലബ് പ്രസിഡന്റ് റോയ് കൊട്ടാരച്ചിറ, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.എസ്. സുമേഷ്, കുടുംബശ്രീ അസി. ജില്ല മിഷന് കോ -ഓര്‍ഡിനേറ്റര്‍ ടെസി ബേബി, ടി.യു. ശരണ്യ, കുടുംബശ്രീ സംരംഭകരായ സുനിത, വിജി, ചഞ്ചല, സിന്ധു വിനു തുടങ്ങിയവര്‍ പ്രസംഗിച്ചു.