വിവിധതരം സ്കോളര്‍ഷിപ്പുകളുമായി ചേര്‍ത്തല കെവിഎം
1576623
Friday, July 18, 2025 3:23 AM IST
ചേര്‍ത്തല: ഉന്നത വിദ്യാഭ്യാസരംഗത്തു നാലുപതിറ്റാണ്ടിന്റെ പാരമ്പര്യമുള്ള ചേര്‍ത്തല കെവിഎം കോളജില്‍ പുതിയ അധ്യയനവര്‍ഷത്തിലും വിദ്യാര്‍ഥികള്‍ക്കായി വിവിധതരം സ്കോളര്‍ഷിപ്പുകള്‍ നടപ്പാക്കുന്നു. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന വിദ്യാര്‍ഥികള്‍ക്കൊപ്പം കലാ-കായിക രംഗത്തും മികവ് തെളിയിക്കുന്നവര്ക്കായാണ് സ്കോളര്‍ഷിപ്പുകള്‍.
എംബിഎ, എംസിഎ, ബിടെക്, പോളിടെക്നിക്ക്, ബിഎസ് സി, ബികോം, ബിബിഎ എന്നീ കോഴ്സുകളിലാണ് സ്കോളര്‍ഷിപ്പുകള്‍ ലഭിക്കുന്നതെന്ന് കെവിഎം ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് ചീഫ് പബ്ലിക് റിലേഷന്‍ ഓഫീസര്‍ ഡോ. ഇ. കൃഷ്ണന് നമ്പൂതിരി, കോളജ് ഓഫ് മാനേജ്മെന്റ് ഡയറക്ടര്‍ ഡോ. ഹബീബ് റഹ്മാന്, എംസിഎ ഡയറക്ടര്‍ ഡോ. ദര്‍ശന രാമചന്ദ്രന്, എന്‍ജിനിയറിംഗ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. രാജിരാജന്, ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. എഫ്. സെറിന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
അക്കാദമിക മികവിന്റെ അടിസ്ഥാനത്തില്‍ ഒന്നാംവര്‍ഷം 100 ശതമാനം വരെ ഫീസിളവ് നല്‍കും. സംസ്ഥാന തലത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയവര്‍ക്ക് 100 ശതമാനവും ജില്ലാതലത്തിലെ മികവ് കാട്ടിയവര്‍ക്ക് 75 ശതമാനവും ഉപജില്ലാ വിജയികള്‍ക്ക് 25 ശതമാനവും ഫീസിളവാണ് നല്‍കുന്നത്. അര്‍ഹരായ മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്കും സ്കോളര്‍ഷിപ്പുകള്‍ നല്‍കും.