ദേശീയപാതാ അലൈൻമെന്റ് തർക്കം: ചെങ്ങന്നൂരിൽ രാഷ്്ട്രീയപ്പോര് മുറുകുന്നു
1576949
Friday, July 18, 2025 11:34 PM IST
ചെങ്ങന്നൂർ: മന്ത്രി സജി ചെറിയാനും എംപി കൊടിക്കുന്നിൽ സുരേഷും തമ്മിൽ കൊല്ലം-തേനി 183 ദേശീയ പാതയുടെ വികസനവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പോര് മുറുകുന്നു. കൊല്ലം-തേനി 183 ദേശീയ പാതയുടെ നിർദിഷ്ട അലൈൻമെന്റ് അടിയന്തരമായി പുനഃപരിശോധിക്കണമെന്ന നിലപാടിലാണ് മന്ത്രി സജി ചെറിയാൻ.
കൊല്ലകടവു മുതൽ ആഞ്ഞാലിച്ചുവടു വരെയും തുടർന്ന് എംസി റോഡിൽ പ്രാവിൻകൂട് വരെയുമുള്ള 16 കിലോമീറ്റർ പാതയുടെ ഇരുവശത്തുമുള്ള ഏകദേശം 3,000 വീടുകൾക്കും കടകൾക്കും ആരാധനാലയങ്ങൾക്കും നിർമാണങ്ങൾക്കും നാശനഷ്ടങ്ങളുണ്ടാകാതെയും ആയിരക്കണക്കിന് ജനങ്ങളെ ദ്രോഹിക്കാതെയും ഒരു ഫലപ്രദമായ പ്ലാൻ തയാറാക്കാൻ കഴിയുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
അങ്ങനെയൊരു പ്ലാൻ തയാറാക്കാത്തത് വലിയ ദുരന്തത്തിലേക്കു നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിലുള്ള പാതയുടെ ഇരട്ടി, അതായത് 24 മീറ്റർ വീതിയിലാണ് പുതിയ പാത ലക്ഷ്യമിടുന്നത്. ഈ പ്ലാൻ തയാറാക്കുമ്പോൾ ചെങ്ങന്നൂരിലെ എംഎൽഎ എന്ന നിലയിൽത്തന്നെ കൂടിയാലോചിക്കാൻ ബന്ധപ്പെട്ട അധികാരികൾ തയാറായില്ലെന്നും അദ്ദേഹം ആരോപിച്ചു.
ഉത്തരവാദിത്തപ്പെട്ട എംപിയും ദേശീയ ഹൈവേ അഥോറിറ്റിയും എടുത്തിരിക്കുന്ന തെറ്റായ നടപടികളിൽനിന്ന് പിന്മാറണമെന്നും ജനങ്ങൾക്ക് ദ്രോഹമില്ലാത്ത തരത്തിൽ പുതിയ അലൈൻമെന്റ് തയാറാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ കൃത്യമായ രേഖകൾ സഹിതമുള്ള പരാതി ദേശീയ ഹൈവേ അഥോറിറ്റിക്കു നൽകിയിട്ടുണ്ടെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു.