തര്‍ക്കം: പാണ്ടനാട് പൊതുശ്മശാനം അനാഥം
1576634
Friday, July 18, 2025 3:24 AM IST
ചെങ്ങന്നൂര്‍: ആധുനിക സൗകര്യങ്ങളോടെ പാണ്ടനാട് നിര്‍മിച്ച പൊതുശ്മശാനം പ്രവര്‍ത്തനരഹിതമായിട്ട് നാളേറെയായി. നടത്തിപ്പുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളെത്തുടര്‍ന്നാണ് ശ്മശാനം പൂട്ടിക്കിടക്കുന്നത്. പാണ്ടനാട് പഞ്ചായത്തും ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്തും നടത്തിപ്പുചുമതല ഏറ്റെടുക്കാന്‍ തയാറാകാത്തതോടെയാണ് ശ്മശാനം അനാഥമായത്. കോടികള്‍ മുടക്കി നിര്‍മിച്ച ശ്മശാനമാണ് നാശത്തിന്റെ വക്കിലെത്തിയിരിക്കുന്നത്.
നിര്‍മാണം പൂര്‍ത്തിയായി രണ്ടു വര്‍ഷം പിന്നിട്ടിട്ടും വൈദ്യുതീകരണം നടന്നിട്ടില്ല. സംസ്ഥാന ബജറ്റില്‍ രണ്ടു കോടി രൂപ വകയിരുത്തി പാണ്ടനാട് കീഴ്വന്മഴിയില് പഞ്ചായത്ത് വിട്ടുനല്‍കിയ 36 സെന്റ് സ്ഥലത്താണ് 6000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ ശ്മശാനം നിര്‍മിച്ചത്. ഗ്യാസ് ചേംബറുകള്‍ ഉള്‍പ്പെടെയുള്ള ആധുനിക സൗകര്യങ്ങളെല്ലാം ഇവിടെയുണ്ട്. നടത്തിപ്പ് ചുമതലയെച്ചൊല്ലിയുള്ള തര്‍ക്കമാണ് പ്രധാന പ്രതിസന്ധി. ശ്മശാനത്തിന്റെ നടത്തിപ്പ് ചുമതല പാണ്ടനാട് പഞ്ചായത്തിന് നല്‍കാനായിരുന്നു സര്‍ക്കാര്‍ ഉത്തരവ്.
എന്നാല്‍, നടത്തിപ്പ് സാമ്പത്തിക ബാധ്യതയാകുമെന്ന കാരണത്താല്‍ പഞ്ചായത്ത് ഏറ്റെടുക്കാന്‍ വിസമ്മതിച്ചു. തുടര്‍ന്ന് ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഏറ്റെടുക്കണമെന്ന ആവശ്യം മന്ത്രി സജി ചെറിയാന് മുന്നോട്ടുവച്ചു. അവരും കൈയൊഴിയുകയായിരുന്നു. വൈദ്യുതീകരണത്തിനുള്ള തുക പാണ്ടനാട് പഞ്ചായത്തിന് കൈമാറാമെന്ന നിലപാട്് ബ്ലോക്ക് പഞ്ചായത്ത് മുന്നോട്ടുവച്ചു. പാണ്ടനാട് പഞ്ചായത്ത് ഈ നിലപാട് അംഗീകരിക്കാന്‍ തയാറായില്ല. അതോടെ പൊതുശ്മശാനം നോക്കുകുത്തിയായി.
പാടശേഖരം മണ്ണിട്ട് നികത്തിയാണ് ശ്മശാനം നിര്‍മിച്ചിരിക്കുന്നത്. ഇവിടേക്ക് പ്രത്യേക വഴിയും നിര്‍മിച്ചിട്ടുണ്ട്. ഏകദേശം അരക്കിലോമീറ്ററിലധികം ദൂരം വൈദ്യുതി ലൈന്‍ വലിക്കേണ്ടിവരും. ഇതിന് കെഎസ്ഇബിക്ക് നല്ലൊരു തുക കെട്ടിവയ്ക്കേണ്ടിവരും. ഈ തുക മുഴുവന്‍ ബ്ലോക്ക് പഞ്ചായത്ത് വഹിക്കുമോ എന്നതിലും വ്യക്തത വന്നിട്ടില്ല.
നാട്ടുകാരുടെ പ്രതീക്ഷകള്‍ അസ്തമിക്കുന്നു
പൊതുശ്മശാനം യാഥാര്‍ഥ്യമാകുന്നതോടെ മൃതദേഹം സംസ്കരിക്കാന്‍ ഇടമില്ലാതെ വലയുന്നവരുടെ ദുരിതത്തിനു പരിഹാരമാകുമെന്ന പ്രതീക്ഷ ഉയര്‍ന്നിരുന്നു. സംസ്കരിക്കാന്‍ സ്ഥലമില്ലാത്തതിനാല്‍ വീടിന്റെ ഒരു ഭാഗം പൊളിച്ചതും മൃതദേഹം മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് പഠനത്തിന് നല്കിയതുമായ സംഭവങ്ങളുണ്ടായിട്ടുണ്ട്.
ഇതോടൊപ്പം അനാഥ മൃതദേഹങ്ങള്‍ സംസ്കരിക്കുന്നത് നഗരസഭ ഉള്‍പ്പെടെയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വലിയ ബാധ്യതയായിരുന്നു. ഇതിനെല്ലാം പരിഹാരമായിട്ടാണ് പൊതുശ്മശാനം പ്രതീക്ഷ നല്‍കിയിരുന്നത്. എന്നാല്‍, നിലവിലെ തര്‍ക്കങ്ങള്‍ ആ പ്രതീക്ഷകളെ ഇല്ലാതാക്കുകയാണ്.