ജൂലി ലൂക്കിന്റെ വീട്ടിൽ റെഡ് ജെയ്ഡ് വൈൻ പൂവിട്ടു
1576633
Friday, July 18, 2025 3:24 AM IST
മുഹമ്മ: പൂക്കളിലെ റാണിയെ കാണണമെങ്കിൽ റിട്ട. കൃഷി ഡെപ്യൂട്ടി ഡയറക്ടർ ജൂലി ലൂക്കിന്റെ ഭവനത്തിൽ എത്തണം. വീടിനു മുന്നിലെ പൂന്തോട്ടത്തിലാണ് പൂക്കളിലെ റാണി എന്ന് പറയാവുന്ന റെഡ് ജെയ്ഡ് വൈൻ പൂത്തുലഞ്ഞുനിൽക്കുന്നത്. ഫിലിപ്പൈൻസ് ആണ് ചെടിയുടെ സ്വദേശം.
ഒരു ഞെട്ടിൽ വിരിയുന്ന പൂങ്കുലയ്ക്ക് വാഴക്കുലയുടെ വലുപ്പമുണ്ടാകും. പടർന്ന് പന്തലിക്കുന്ന ചെടി ആസകലം പൂക്കും. വലുപ്പത്തിലുള്ള ഇതളുകളിൽ തേനും സമൃദ്ധമായി ഉണ്ട്. തേൻ തേടി കുരുവികളും എത്തുന്നുണ്ട്. മായിത്തറ പതിനൊന്നാം മൈൽ ജംഗ്ഷനിൽനിന്ന് കിഴക്ക് ഭാഗത്തുള്ള ജോയൽ വില്ലയിൽ റെഡ് ജെയിഡ് വൈൻ പൂത്തുലഞ്ഞ് നിൽക്കുന്നത് വാഹനയാത്രക്കാർക്കും ഹൃദ്യമായ കാഴ്ചയൊരുക്കുന്നു.
പൂക്കളെ പ്രണയിക്കുന്നവരാണ് ജൂലി ലൂക്കും ഭർത്താവ് സാബു ജോസഫും. റിട്ട. സാമൂഹ്യക്ഷേമ നീതി ഓഫീസറായ സാബു ജോസഫും പൂക്കളുടെ പരിലാളന ലഹരിയായി കാണുന്നു. മികച്ച കൃഷി ഓഫീസർക്കുള്ള സംസ്ഥാന അവാർഡ് ജേതാവാണ് ജൂലി ലൂക്ക്. ബാലഭിക്ഷാടന നിരോധന പ്രവർത്തന മികവിനുള്ള അവാർഡ് ജേതാവാണ് സാബു ജോസഫ്. മകൻ ഡോ. ജോയൽ എംഡി വിദ്യാർഥിയാണ്.
യാത്രയ്ക്കിടെ കണ്ട നാഴ്സറിയിൽനിന്നാണ് റെഡ് ജെയ്ഡ് വൈൻ വാങ്ങിയത്. ചാണകവും എല്ലുപൊടിയുമാണ് വളമായി നൽകിയത്. വളർന്നപ്പോൾ ഇരുമ്പു പൈപ്പുകൾ കൊണ്ട് പന്തൽ നിർമിച്ചു. മുകൾ ഭാഗം മുഴുവൻ പുൽപ്പടർപ്പ് പോലെ പന്തലിച്ച് കിടക്കും. വർഷത്തിൽ ജൂൺ, ജൂലൈ മാസത്തിലാണ് പൂക്കൾ ഉണ്ടാകുന്നത്. ഇടതൂർന്ന് പൂത്തുനിൽക്കുന്ന റെഡ് ജെയ്ഡ് വൈൻ ഹൃദയഹാരിയായ കാഴ്ചയാണ്.