പോലീസിന്റെ അടിച്ചമർത്തൽ നയം അപമാനകരം: വി.ഡി. സതീശൻ
1444381
Monday, August 12, 2024 11:51 PM IST
കായംകുളം: ജനകീയ സമരങ്ങളെ അടിച്ചമർത്തുന്ന പോലീസ് നയം കേരളത്തിന് അപമാനകരമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
എലിവേറ്റഡ് ഹൈവേ ആവശ്യമുന്നയിച്ച് നിരാഹാരസമരം നടത്തിയ യൂത്ത് കോൺഗ്രസ് നേതാക്കളെ സമരപ്പന്തലിൽ കയറി ക്രൂരമായി മർദ്ദിക്കുകയും നേതാക്കളുടെ വീട്ടിൽ അർധരാത്രി കടന്നുകയറി മാതാപിതാക്കളെയും ബന്ധുക്കളെയും ഭീഷണിപ്പെടുത്തുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്ത പോലീസ് നടപടി കാടത്തമാണെന്ന് അദ്ദേഹം ആരോപിച്ചു. പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡിലായ യൂത്ത് കോൺഗ്രസ് നേതാക്കളുടെയും കേസിൽ പ്രതിയാക്കപ്പെട്ട നേതാക്കളുടെയും വീട് സന്ദർശിക്കുകയായിരുന്നു അദ്ദേഹം. കിരാതമായ അക്രമമാണ് അർധരാത്രിയിൽ പോലീസ് നടത്തിയത്.
രാജാവിനെക്കാൾ വലിയ രാജഭക്തിയാണ് സിപിഎമ്മിനുവേണ്ടി പോലീസ് കാട്ടുന്നത്. ഇത് വലിയ ദുരന്തത്തിലേ അവസാനിക്കുകയുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡിസിസി പ്രസിഡന്റ് ബി.ബാബുപ്രസാദ്, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം.പി. പ്രവീൺ, കെപിസിസി സെക്രട്ടറി എൻ. രവി, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ടി. സൈനുലാബ്ദീൻ, നേതാക്കളായ യു. മുഹമ്മദ്, എ.ജെ. ഷാജഹാൻ എ.പി. ഷാജഹാൻ, ശ്രീജിത്ത് പത്തിയൂർ, എ.എം. കബീർ, അൻസാരി കോയിക്കലേത്ത്, നൗഫൽ ചെമ്പകപ്പള്ളി, ഷമീം ചീരാമത്ത്, വിശാഖ് പത്തിയൂർ, വള്ളിയിൽ റസാഖ് എന്നിവർ പ്രസം ഗിച്ചു.