ആലപ്പുഴയിലെ കനാല്‍ തീരങ്ങള്‍ സായാഹ്ന വിശ്രമ കേന്ദ്രങ്ങളാകുന്നു
1443491
Saturday, August 10, 2024 12:00 AM IST
ആലപ്പുഴ: നഗരസഭ പരിധിയിലെ വാടക്കനാല്‍, കൊമേഴ്സ്യല്‍ കനാല്‍ കരകളാണ് പൂര്‍ണമായും ശുചീകരിച്ച് സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി സായാഹ്ന വിശ്രമ കേന്ദ്രങ്ങളാക്കും. ജില്ലാ ഭരണകൂടവും മുസിരിസ് പദ്ധതിയുമായി ചേര്‍ന്ന് നഗരത്തിലെ 11 കിലോമീറ്റര്‍ കനാല്‍ തീരം വിവിധ സ്ഥാപനങ്ങള്‍ക്കായി സൗന്ദര്യവത്കരണത്തിനായി വിഭജിച്ചു നല്‍കിയിരിക്കുകയാണ്. അതിന്റെ പരിപാലന ചുമതലയും അതത് സ്ഥാപനങ്ങള്‍ക്കാണ്.
ആലപ്പുഴ നഗരസഭ പരിപാലനത്തിനായി ഏറ്റെടുത്തിട്ടുള്ള കനാല്‍ കരകള്‍ ഇരുമ്പു പാലം മുതല്‍ കൊത്തുവാല്‍ ചാവടി പാലം വരെയും സൗത്ത് പോലീസ് സ്റ്റേഷന്റെ പടിഞ്ഞാറ് വശമുള്ള തെക്കു വടക്ക് കനാല്‍ കരകളുമാണ്. പ്രാരംഭ ഘട്ടത്തില്‍ കണ്ണന്‍വര്‍ക്കി പാലത്തിനു കിഴക്കുവശമുള്ള കനാല്‍ക്കര സായാഹ്ന വിശ്രമ കേന്ദ്രമാക്കി മാറ്റും.
ഈ പ്രദേശത്ത് മുസിരിസിന്റെ ഭാഗമായി നിര്‍മിച്ചിട്ടുള്ള ശില്പങ്ങള് വൃത്തിയാക്കി, പടിക്കെട്ടുകള്‍ ചായം പൂശി ആകര്‍ഷകമാക്കി. സമീപമുള്ള ചുവരുകള്‍ മാലിന്യ സംസ്കരണ ബോധവത്കരണ ചിത്രങ്ങള്‍ വരക്കുകയും കനാല്‍കരകള്‍ കയര്‍ ഭൂവസ്ത്രം വിരിക്കുന്ന പ്രവര്‍ത്തികളും പൂര്‍ത്തീകരിച്ചു.
സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി ചെടികള്‍ വച്ചുപിടിപ്പിച്ചിട്ടുണ്ട്. കൂടുതല്‍ ആകര്‍ഷകമാക്കുന്നതിന്റെ ഭാഗമായി അലങ്കാര ദീപങ്ങളും ഒരുക്കും.
കൊത്തുവാല്‍ ചാവടി പാലം മുതല്‍ ഇരുമ്പ് പാലം വരെയുള്ള ഭാഗങ്ങള്‍ ഓള്‍ഡ് സിറ്റി ബ്യൂട്ടിഫിക്കേഷന്റെ ഭാഗമായി പൗരാണിക രീതിയിലുള്ള കളര്‍കോഡ് ഉപയോഗിച്ച് കെട്ടിടങ്ങളുടെ പഴമ നിലനിര്‍ത്തിക്കൊണ്ട് സൗന്ദര്യവല്‍ക്കരിക്കും.
ഇതിന്റെ ഭാഗമായി നഗരത്തിലെ പ്രധാന റോഡുകള്‍ ശുചീകരിച്ചു.
കനാല്‍ തീരത്തെ മാലിന്യങ്ങള്‍, മരക്കഷ്ണങ്ങള്‍, കെട്ടിട നിര്‍മാണ അവശിഷ്ടങ്ങള്‍ എന്നിവ നീക്കം ചെയ്തു വരുന്നു. നഗരസഭ സാനിട്ടേഷന്‍ വര്‍ക്കേഴ്സ്, തൊഴിലുറപ്പ് തൊഴിലാളികള്‍, യന്ത്ര സംവിധാനങ്ങള്‍, മുസിരിസ് പദ്ധതിയുടെ ഭാഗമായുള്ള തൊഴിലാളികള്‍ എന്നിവര്‍ ചേര്‍ന്നാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നത്.
നഗരത്തിന്റെ ടൂറിസം സാധ്യതകള്‍ക്ക് ഗതിവേഗം നല്കുന്ന ഈ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ നഗരവാസികളുടേയും സഹകരണവും പിന്തുണയും നഗരസഭാധ്യക്ഷ കെ.കെ. ജയമ്മ അഭ്യര്‍ഥിച്ചു.