തീരദേശമേഖലയ്ക്ക് പ്രത്യേക പരിഗണന നല്‍കും: കെ.സി. വേണുഗോപാല്‍
1417955
Sunday, April 21, 2024 11:22 PM IST
ആലപ്പുഴ: തീരദേശമേഖലയില്‍ അധിവസിക്കുന്നവരുടെ സംരക്ഷണം ഉറപ്പാക്കാന്‍ പ്രത്യേക പരിഗണന ഇന്ത്യ മുന്നണി അധികാരത്തില്‍ വന്നാല്‍ കൈക്കൊള്ളുമെന്ന് ആലപ്പുഴ പാര്‍ലമെന്റ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ.സി. വേണുഗോപാല്‍. അരൂര്‍ മണ്ഡലത്തിലെ തുറവൂരില്‍ സ്ഥാനാര്‍ഥി പര്യടനത്തിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മത്സ്യത്തൊഴിലാളികളോട് വിവേചനപരമായ സമീപനമാണ്. പ്രകടനപത്രികയില്‍ മത്സ്യത്തൊഴിലാളികളുടെ പ്രശ്നപരിഹാരത്തിന് പ്രത്യേക പരിഗണന ഇന്ത്യ മുന്നണി നല്‍കിയിട്ടുണ്ട്. തീരദേശമേഖലയെയും മത്സ്യത്തൊഴിലാളികളെയും സംരക്ഷിക്കാന്‍ സംഖ്യം പ്രതിഞ്ജാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. തുറവൂര്‍ ചാവടി മുതല്‍ ടി.ഡി. ജംഗ്ഷന്‍വരെ റോഡ്ഷോയില്‍ പങ്കെടുത്ത് അദ്ദേഹം വോട്ട് അഭ്യര്‍ഥിച്ചു.
അരൂര്‍ മണ്ഡലത്തിലെ വിവിധ ഭാഗങ്ങളില്‍ കലാപ്രകടനങ്ങളോടെയാണ് പ്രവര്‍ത്തകര്‍ കെസിയെ വരവേറ്റത്. പ്രചാരണത്തിരക്കിനിടയിലും പ്രയാസങ്ങളും ആശങ്കകളുമായി എത്തുന്ന ജനങ്ങളെ കേള്‍ക്കുന്നതിനും അവര്‍ക്കുവേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിനും കെസി സമയം കണ്ടെത്തി. തുറവൂര്‍ പഞ്ചായത്തിലെ ഇല്ലിക്കല്‍ കവലനിന്നും ആരംഭിച്ച പര്യടനംവിവിധ ഭാഗങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങിയശേഷം മഹല്‍ യൂണിയന് ഭാഗത്ത് സമാപിച്ചു.