ദേശകാലങ്ങളുടെ ഓര്മച്ചെപ്പായി മാര്‍ പവ്വത്തിലിന്റെ ആത്മകഥ പുസ്തകമാകുന്നു
1279385
Monday, March 20, 2023 10:36 PM IST
ബെന്നി ചിറയില്‍
ചങ്ങനാശേരി: സ്വന്തം കഥയെഴുതാന്‍ ആദ്യം മടുപ്പ് കാട്ടി... പിന്നീട് എഴുതിയ ആത്മകഥ ദേശകാല ചരിത്രങ്ങളുടെ ഓര്‍മപ്പുസ്തകമായി ചര്‍ച്ച ചെയ്യപ്പെട്ടു. ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തിലിന്റെ ആത്മകഥയാണു ചിരിയും ചിന്തയും കരുത്തും പകരുന്ന ഓര്‍മകളുടെ ചരിത്രമായത്. ജീവിതത്തിലെ നിരവധി സംഭവങ്ങളും അനുഭവങ്ങളും ആത്മക്കുറിപ്പിലുണ്ട്.
ഭാരതസ്വാതന്ത്ര്യത്തിനായുള്ള പോരാട്ടം കൊടുമുടിയില്‍ എത്തിനില്‍ക്കുന്ന സമയം, 1947 ഓഗസ്റ്റ് 14ന് അര്‍ധരാത്രി. താന്‍ അന്ന് എസ്ബി കോളജിലെ വിദ്യാര്‍ഥിയായിരുന്നു. കോളജ് ഹോസ്റ്റലില്‍ ഉറങ്ങാതിരിക്കുമ്പോഴാണ് റോഡിയോയിലൂടെ സ്വാതന്ത്ര്യ പ്രഖ്യാപനവും പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്റെ പ്രസംഗവും കേട്ടത്. അത്യന്തം വികാരവായ്പോടെയാണ് ആ പ്രഖ്യാപനം കേട്ടത്. ഏറ്റവും കൂടുതല്‍ സന്തോഷവും ആഹ്ലാദവും അനുഭവിച്ച നിമിഷം. രാത്രിതന്നെ മധുരവിതരണം നടത്തി.
രാഷ്ട്രപിതാവ് ഗാന്ധിജി വെടിയേറ്റു മരിച്ച സംഭവം റേഡിയോയിലൂടെ ശ്രവിച്ചതാണ് ഏറ്റവും ദുഃഖം ഉളവാക്കിയത്. 1948 ജനുവരി 30 മനസില്‍ തങ്ങിനില്ക്കുന്നു. നെഹ്റു പറഞ്ഞ വിഖ്യാതമായ പ്രസംഗം ഓര്‍ക്കുന്നു. രണ്ടാംലോകമഹായുദ്ധ കാലത്ത് ഭാരതത്തില്‍ നേരിട്ട കൊടിയ ഭക്ഷ്യക്ഷാമം ആത്മകഥയിലെ മറ്റൊരു പ്രതിപാദ്യമാണ്.
രണ്ടാംക്ലാസില്‍ പഠിക്കുമ്പോള്‍ അധ്യാപകനായ ചാക്കോസാര്‍ ചോദിച്ചു, സെമിനാരിയില്‍ പോകാനും വൈദികനാകാനും നിങ്ങളില്‍ എത്രപേര്‍ക്ക് ആഗ്രഹമുണ്ട്, ഏഴുപേര്‍ എഴുന്നേറ്റു നിന്നതില്‍ ഒരാള്‍ ഞാനായിരുന്നു. ഏഴാം വയസില്‍ ഇങ്ങനെയൊരു തോന്നലുണ്ടാകാന്‍ കാരണമെന്താണെന്നറിയില്ലെന്നും ആത്മകഥയില്‍ പറയുന്നു.
കുറുമ്പനാടം പവ്വത്തില്‍ തറവാട്ടില്‍നിന്നും കാഞ്ഞിരപ്പള്ളിയിലുള്ള അമ്മവീട്ടില്‍നിന്നും
ലഭിച്ച സുറിയാനി ക്രൈസ്തവ പാരമ്പര്യവും ജീവിതശൈലിയും തന്റെ ജീവിതത്തിൽ നിര്‍ണായകമായ അനുഭവങ്ങളായി മാര്‍ പവ്വത്തില്‍ എഴുതിച്ചേര്‍ത്തിട്ടുണ്ട്.
ചങ്ങനാശേരി അതിരൂപതാ ഫാമിലി അപ്പോസ്തലേറ്റിന്റെ കുടുംബജ്യോതിയില്‍ മാര്‍ പവ്വത്തിലിന്റെ ആത്മകഥ പ്രസിദ്ധീകരിച്ചിരുന്നു. കമ്യൂണിസ്റ്റ് മന്ത്രിയായിരുന്ന ടി.വി. തോമസ് ചങ്ങനാശേരി അരമനയിലെത്തി തന്നെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തിയെന്ന ആത്മകഥാക്കുറിപ്പ് ഏറെ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. ഈ ആത്മകഥ ഉടനെ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കാനുള്ള തയാറെടുപ്പുകള്‍ നടന്നുവരികയാണെന്ന് എസ്ബി കോളജ് വൈസ് പ്രിന്‍സിപ്പലും കുടുംബജ്യോതി ചീഫ് എഡിറ്ററുമായ റവ.ഡോ. ജോസ് തെക്കേപ്പുറത്ത് പറഞ്ഞു.