മോൺ.ഡോ. കുര്യാക്കോസ് തടത്തിലിന്റെ റമ്പാന്‍പട്ടം സ്വീകരണം നവംബര്‍ ഒന്നിന് തിരുവല്ലയില്‍
1601207
Monday, October 20, 2025 3:37 AM IST
തിരുവല്ല: മലങ്കര കത്തോലിക്കാ സഭയുടെ യൂറോപ്പിലെ അപ്പോസ്തോലിക് വിസിറ്റേറ്ററായി നിയമിതനായ മോണ്‍. ഡോ. കുര്യാക്കോസ് തടത്തിലിന്റെ റമ്പാന് പട്ടം നവംബര്‍ ഒന്നിനു രാവിലെ 8.30ന് തിരുവല്ല സെന്റ് ജോണ്‍സ് മെത്രാപ്പോലീത്തന്‍ കത്തീഡ്രലില്‍ നടക്കും. രാവിലെ 8.30ന് പ്രഭാത പ്രാര്‍ഥനയ്ക്കു ശേഷം കുര്‍ബാന മധ്യേയാണ് റമ്പാന് പട്ടം സ്വീകരിക്കുന്നത്. സഭാധ്യക്ഷന് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ ശുശ്രൂഷകളില്‍ മുഖ്യകാര്‍മികത്വം വഹിക്കും. സഭയിലെ മറ്റു ബിഷപ്പുമാര്‍ സഹകാര്‍മികത്വം വഹിക്കും.
ആര്‍ച്ച് ബിഷപ് ഡോ. തോമസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത സുവിശേഷ സന്ദേശം നല്‍കും. നവംബര്‍ 22ന് തിരുവനന്തപുരം പട്ടം സെന്റ് മേരീസ് ബസലിക്കാ ദേവാലയത്തില്‍ മെത്രാഭിഷേക ശുശ്രൂഷകള്‍ നടക്കും. മോൺ. ഡോ. കുര്യാക്കോസ് തടത്തില്‍ കഴിഞ്ഞ നാലുവര്‍ഷമായി മലങ്കര കത്തോലിക്കാ സഭയുടെ യുകെ റീജണിന്റെ സഭാതല കോഓര്‍ഡിനേറ്ററായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. നാലാഞ്ചിറ സെന്റ്മേരീസ് മേജര്‍ സെമിനാരി റെക്ടറായും തിരുവല്ല അതിരൂപതാ ചാന്‍സലറായും സെമിനാരി പ്രഫസറായും, വിവിധ ഇടവകകളുടെ വികാരിയായും ശുശ്രൂഷ ചെയ്തിട്ടുണ്ട്.
റമ്പാന് പട്ട ശുശ്രൂഷകളുടെ ക്രമീകരണത്തിനായി 51 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു. ജനറല്‍ കണ്‍വീനറായി തിരുവല്ല അതിരൂപത മുഖ്യ വികാരി ജനറാള്‍ റവ.ഡോ. ഐസക്ക് പറപ്പള്ളിലും ഫാ. വര്‍ഗീസ് മരുതൂര്‍, ഫാ. ജോസ് മണ്ണൂര്‍കിഴക്കേതിൽ, ഫാ. മാത്യു പുനക്കുളം, ഫാ.സന്തോഷ് അഴകത്ത്, ഫാ. ഡോ. തോമസ് പാറയ്ക്കൽ, ഫാ. ഡോ. സിജോ കാഞ്ഞിരത്താമണ്ണിൽ, ഫാ. ഫിലിപ്പ് മഞ്ചാടിയിൽ, ഫാ. വര്‍ഗീസ് ചാമക്കാലയില്‍, ഫാ. ബിനീഷ് കാഞ്ഞിരത്തിങ്കല്‍ തുടങ്ങിയവര്‍ വിവിധ കമ്മിറ്റികളുടെ ചെയര്മാന്മാരായും പ്രവര്‍ത്തിക്കുന്നു.