മൈലപ്ര സഹ. ബാങ്ക് ഭരണസമിതി പിരിച്ചുവിട്ട നടപടിക്കെതിരേ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി
1460827
Monday, October 14, 2024 1:54 AM IST
പത്തനംതിട്ട: മൈലപ്ര സര്‍വീസ് സഹകരണ ബാങ്കിലെ നിലവിലുള്ള അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി പിരിച്ചുവിടുന്നതിനു സഹകരണ വകുപ്പ് ഉദ്യോഗസ്ഥര്‍ നിരത്തിയ വാദങ്ങള്‍ തള്ളി പിരിച്ചുവിടപ്പെട്ട കമ്മിറ്റിയിലെ അംഗങ്ങള്‍. കമ്മിറ്റിയെ ഇപ്പോള്‍ പിരിച്ചുവിട്ട് സഹകരണ വകുപ്പ് ഉദ്യോഗസ്ഥര്‍ ഭരണം ഏറ്റതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ആരോപണം.
അഡ്വ. കെ.എ. മനോജ് കണ്‍വീനറും നഥാനിയേല്‍ റമ്പാന് (ഫാ. സാമു ജോര്‍ജ്), കെ. അനില്‍ കുമാര്‍ എന്നിവര്‍ അംഗങ്ങളുമായ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയാണ് നിലവിലുണ്ടായിരുന്നത്.
ക്രമക്കേടുകളേ തുടര്‍ന്ന് മൈലപ്ര സഹകരണ ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടാണ് സഹകരണ വകുപ്പുതല അഡ്മിനിസ്ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തിയത്.
പിന്നാലെ മൂന്നംഗ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയെയും നിയോഗിച്ചു. അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗങ്ങള്‍ ഉത്തരവാദിത്വം നിറവേറ്റിയില്ലെന്ന പേരില്‍ കഴിഞ്ഞ ദിവസം സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ കമ്മിറ്റി പിരിച്ചുവിടുകയും സഹകരണ വകുപ്പ് ഉദ്യോഗസ്ഥനെ അഡ്മിനിസ്ട്രേറ്ററായി നിയമിക്കുകയും ചെയ്തത്.
കോഴഞ്ചരി താലൂക്ക് അസി. രജിസ്ട്രാര്‍ നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി പിരിച്ചു വിട്ടത്. പകരം ചുമതല കോഴഞ്ചേരി താലൂക്ക് അസി. രജിസ്ട്രാര്‍ വള്ളിക്കോട് യൂണിറ്റ് ഇന്‍സ്പെക്ടര്‍ക്കാണ്. ഭരണസമിതി തെരഞ്ഞെടുപ്പിനുവേണ്ടിയുള്ള നടപടികള്‍ ആരംഭിക്കുകയാണ് അഡ്മിനിസ്ട്രേറ്ററുടെ പ്രധാന ചുമതലയെന്നും വ്യക്തമാക്കപ്പെട്ടു.
എന്നാല്‍ ബാങ്ക് ക്രമക്കേടുകളുമായി ബന്ധപ്പെട്ട നിരവധി ആരോപണങ്ങളില്‍ വകുപ്പുതല നടപടികള്‍ വൈകിപ്പിച്ച ഉദ്യോഗസ്ഥ സംഘം ഇപ്പോള്‍ നടത്തുന്ന നീക്കങ്ങള്‍ ദുരൂഹമാണെന്നും നിക്ഷേപകര്‍ക്കിടയില്‍ ആശങ്കയുണ്ട്.
ആരോപണങ്ങള്‍ പച്ചക്കള്ളമെന്ന്
നിലവിലുള്ള കമ്മിറ്റിയെ പുറത്താക്കാന്‍ വേണ്ടി സഹകരണ വകുപ്പ് ഉദ്യോഗസ്ഥര്‍ ഉയര്‍ത്തിയ വാദഗതികള്‍ പച്ചക്കള്ളമാണെന്ന് കണ്‍വീനര്‍ കെ.എ. മനോജും നഥാനിയേല്‍ റമ്പാനും പറഞ്ഞു.
കഴിഞ്ഞ മേയ് 20 നാണ് കമ്മിറ്റി ചുമതല ഏറ്റത്. പിന്നാലെ 2023 ഓഗസ്റ്റ് 18 മുതല്‍ കഴിഞ്ഞ മേയ് 19 വരെ ഭരണം നടത്തിയിരുന്ന സഹകരണ വകുപ്പ് ഉദ്യോഗസ്ഥര്‍ ഉപയോഗിച്ച മിനിറ്റ്സ് ബുക്ക് പലതവണ നേരിട്ടും കത്ത് മുഖേനയുംആവശ്യപ്പെട്ടിട്ടും നല്‍കിയില്ല. മുന്‍ ഭരണസമിതി തീരുമാനത്തിന് തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ തടസമായതും ഇക്കാരണത്താലാണെന്ന് മുന്‍ കമ്മിറ്റിയംഗങ്ങള്‍ പറഞ്ഞു.
പുതിയ ബുക്കിലാണ് ഈ കമ്മിറ്റിയുടെ മിനിറ്റ്സ് എഴുതി തയാറാക്കിയിട്ടുള്ളത്. എന്തോ ഒളിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് മിനിറ്റ്സ് ബുക്ക് കൈമാറാതിരുന്നതെന്ന് കമ്മിറ്റിയംഗങ്ങള്‍ ആരോപിച്ചു. മുന്‍ സെക്രട്ടറിമാരായ ജോഷ്വാ മാത്യു, ഷാജി ജോര്‍ജ് എന്നിവരുടെ പേരില്‍ അച്ചടക്കനടപടി സ്വീകരിച്ചില്ലെന്നു പറയുന്നത് വസ്തുതാ വിരുദ്ധമാണ്.
ജോഷ്വാ മാത്യു സര്‍വീസില്‍നിന്ന് വിരമിച്ചത് 2022 ഏപ്രില്‍ 30 നാണ്. ഒരു ജീവനക്കാരന് സര്‍വീസില്‍നിന്ന് വിരമിക്കുന്നതിനുമുന്പ് അച്ചടക്ക നടപടി ആരംഭിച്ചാല്‍ മാത്രമാണ് തുടര്‍നടപടി സ്വീകരിക്കാന്‍ പിന്നീടുള്ള ഭരണസമിതിക്ക് കഴിയുക. എട്ടു മാസത്തോളം ബാങ്കിന്റെ ഭരണം നടത്തിയ സഹകരണ വകുപ്പ് ഉദ്യോഗസ്ഥരാരും ചെയ്യാത്ത കാര്യം പുതിയ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി ചെയ്തില്ല എന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണെന്നു വ്യക്തമല്ല.
ബാങ്ക് സെക്രട്ടറി ഷാജി ജോര്‍ജിനെ സഹകരണ വകുപ്പ് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി മാര്‍ച്ച് അഞ്ചിനാണ് സസ്പെന്‍ഡ് ചെയ്തത്. അവരുടെ ഭരണം അവസാനിക്കുന്ന മേയ് 19 വരെ ഒരു അച്ചടക്ക നടപടിയും സ്വീകരിച്ചില്ല. പുതിയ കമ്മിറ്റി വന്നതിനു ശേഷം കുറ്റപത്രവും കുറ്റാരോപണപത്രികയും നല്കി.
ഗോതമ്പ് ഫാക്ടറിയുടെ തുടര്‍ നടപടികളും അറിയിച്ചില്ല
ബാങ്കിന്റെ ഉടമസ്ഥതയിലുള്ള ഗോതമ്പ് ഫാക്ടറി പാട്ടത്തിന് നല്കുന്നതിനുവേണ്ടി ഡിപ്പാര്‍ട്ട്മെന്റ് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി പരസ്യം ചെയ്തിരുന്നു. എന്ത് തുടര്‍ നടപടികള്‍ ആ കമ്മിറ്റി സ്വീകരിച്ചു എന്നോ ലഭിച്ച അപേക്ഷകള്‍ എന്തു ചെയ്തുവെന്നോ അറിയില്ല. ഫാക്ടറിയുടെ മാനേജ്മെന്റ് കമ്മിറ്റി പഴയ ഭരണസമിതിയുടെ പേരില്‍ തുടരുകയായിരുന്നു.
ഗോതമ്പ് ഫാക്ടറിയുടെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ കഴിയാത്തത് എട്ടു മാസം ഭരണം നടത്തിയ ഡിപ്പാര്‍ട്ട്മെന്റ് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ പിടിപ്പുകേടാണെന്ന് മുന്‍ അംഗങ്ങള്‍ പറഞ്ഞു.
സഹകരണസംഘം അസി. രജിസ്ട്രാറുടെ ഓഗസ്റ്റ് അഞ്ചിലെ നിര്‍ദേശപ്രകാരം ഡിസംബര്‍ 21 ന് തെരഞ്ഞെടുപ്പ് നടത്തുവാന്‍ ഫീസ് അടച്ച് ചെല്ലാന്‍ സഹിതം തുടര്‍ നടപടികള്‍ ആരംഭിച്ചിരുന്നു.
ആവശ്യമായ എല്ലാ രേഖകളും ഡിപ്പാര്‍ട്ട്മെന്റിന് മുന്‍കൂര്‍ സമര്‍പ്പിച്ചിട്ടും തെരഞ്ഞെടുപ്പ് ബോധപൂര്‍വം നടത്താതിരിക്കന്‍ നിലവിലുള്ള കമ്മിറ്റി ശ്രമിക്കുന്നുവെന്ന ജോയിന്റ് രജിസ്ട്രാറുടെ ഉത്തരവിലെ പരാമര്‍ശം തീര്‍ത്തും തെറ്റാണെന്ന് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗങ്ങള്‍ പറഞ്ഞു.
മേയില്‍ ചുമതലയേറ്റ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി 4.5 കോടിയോളം രൂപയുടെ വായ്പ തിരികെ ഈടാക്കി. 2.5 കോടിയില്‍പരം രൂപ സ്ഥിര നിക്ഷേപം ഉള്‍പ്പെടെ ബാങ്കിന് നിക്ഷേപം ഉണ്ട്.
പിരിച്ചുവിടലിനു പിന്നില്‍ ചില സഹകരണ വകുപ്പ് ഉദ്യോഗസ്ഥരുടെ ഗൂഢാലോചനയുണ്ട്. ഇതിനെതിരേ ബാങ്കിലെ അംഗങ്ങളുമായും നിക്ഷേപകരുമായും ആലോചിച്ച് സഹകരണ ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥരുടെ ഗൂഢാലോചനയ്ക്ക് എതിരേ നിയമനടപടികളും പ്രത്യക്ഷ സമരപരിപാടികളും സ്വീകരിക്കുമെന്ന് കെ.എ. മനോജ്, നഥാനിയേല്‍ റമ്പാന് എന്നിവര്‍ പറഞ്ഞു.