ലൈഫ് ലൈനിൽ അപൂർവ ഹൃദയ വാൽവ് ചികിത്സ വിജയകരം
1459639
Tuesday, October 8, 2024 6:23 AM IST
അടൂർ: ഹൃദയത്തിലെ പ്രധാന വാൽവായ അയോർട്ടിക് വാൽവിന്റെ ചുരുക്കം മാറ്റുന്നതിനായുള്ള ടാവർ - ഐവിഎൽ ശസ്ത്രക്രിയ ഷോക്ക് വേവ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ ലൈഫ് ലൈൻ ആശുപത്രിയിലെ കാർഡിയോളജി വിഭാഗം പൂർത്തീകരിച്ചു. തെക്കൻ കേരളത്തിൽ ആദ്യമായും കേരളത്തിൽ രണ്ടാമതായുമാണ് ഈ അതിസങ്കീർണമായ ചികിത്സാരീതി 81 വയസുള്ള രോഗിയിൽ നടപ്പിലാക്കിയത്.
ശസ്ത്രക്രിയ കൂടാതെ ഹൃദയത്തിന്റെ വാൽവ് മാറ്റിവയ്ക്കാനായുള്ള കൃത്രിമ ടാവർ വാൽവിനെ, കാൽസ്യം അടിഞ്ഞുകൂടിയ കാലിലെ രക്തക്കുഴലിന്റെ ബ്ലോക്കുകളെ ഷോക്ക് വേവ് സാങ്കേതിക വിദ്യയിലൂടെ ആൻജിയോപ്ലാസ്റ്റി ചെയ്തു മാറ്റിയാണ് ഇത് സാധ്യമാക്കിയതെന്നു കാർഡിയോളജി വിഭാഗം മേധാവി ഡോ. സാജൻ അഹമ്മദ് പറഞ്ഞു.
സീനിയർ കാർഡിയോളജിസ്റ്റുകളായ ഡോ. ആശിഷ് കുമാർ, ഡോ. വിനോദ് മണികണ്ഠൻ, ഡോ. ശ്യാം ശശിധരൻ, ഡോ. കൃഷ്ണമോഹൻ, ഡോ. ചെറിയാൻ ജോർജ്, ഡോ. ചെറിയാൻ കോശി, കാർഡിയാക് സർജറി വിഭാഗം മേധാവി ഡോ. എസ്. രാജഗോപാൽ, കാർഡിയാക് അനസ്തേഷ്യ വിഭാഗം മേധാവി ഡോ. അജിത് സണ്ണി എന്നിവർ അടങ്ങുന്ന സംഘമാണ് ചികിത്സയ്ക്കു നേതൃത്വം നൽകിയത്.