പോക്സോ കേസ് പ്രതിക്ക് 15 വർഷം തടവും പിഴയും
1458181
Wednesday, October 2, 2024 2:58 AM IST
അടൂർ: മാനസികവളർച്ചയില്ലാത്ത പതിനാലുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 15 വർഷം കഠിനതടവും 31,000 രൂപ പിഴയും. ഏറത്ത് വടക്കടത്തുകാവ് രാജീവ് നഗർ ഇടശേരി മേലേതിൽ എസ്. വിജയനെയാണ് (44) അടൂർ അതിവേഗ കോടതി ജഡ്ജി ടി. മൻജിത് ശിക്ഷിച്ചത്.
2023 ഓഗസ്റ്റ് 24നു പെൺകുട്ടിയ്ക്ക് ബിസ്കറ്റ് നൽകാമെന്നു പറഞ്ഞ് വിജയൻ വീട്ടിൽ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. അടൂർ എസ്ഐ കെ.എസ്. ധന്യ കുറ്റപത്രം തയാറാക്കി കോടതിയിൽ ഹാജരാക്കി.
പ്രതി പിഴ അടയ്ക്കാത്ത പക്ഷം മൂന്നു മാസവും 20 ദിവസവും അധികം കഠിനതടവ് അനുഭവിക്കണം. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ സ്മിതാ പി. ജോൺ ഹാജരായി.