പിതാവിനെ കഴുത്തില്‍ കുത്തി പരിക്കേല്പിച്ച കേസില്‍ രണ്ട് മക്കള്‍ അറസ്റ്റില്‍
1453715
Tuesday, September 17, 2024 12:46 AM IST
പന്തളം: അമ്മയെ മുമ്പ് ഉപദ്രവിച്ചു എന്ന വിരോധത്താല്‍ അച്ഛനെ ഗ്ലാസ് കഷ്ണംകൊണ്ട് കഴുത്തിന് ഗുരുതരമായി കുത്തി പരിക്കേല്പിച്ച കേസില്‍ സഹോദരന്മാരെ കൊടുമണ്‍ പോലീസ് പിടികൂടി. പന്തളം തെക്കേക്കര തട്ടയില്‍ മങ്കുഴി കുറ്റിയില്‍ വീട്ടില്‍ ഷാജി (35), സഹോദരന് സതീഷ് (37) എന്നിവരെയാണ്, പിതാവ് ശങ്കരനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അറസ്റ്റ് ചെയ്തത്.
ശങ്കരനും ഷാജിയും താമസിക്കുന്ന വീട്ടിലേക്കുള്ള വഴിയില്‍ തിരുവോണദിവസം രാത്രി പത്തോടെയാണ് ആക്രമണം ഉണ്ടായത്. സതീഷ് പിതാവിനെ തടഞ്ഞുനിര്‍ത്തുകയും, ഷാജി ഗ്ലാസ് കഷണം കൊണ്ട് കഴുത്തില്‍ കുത്തി മാരകമായി പരിക്കേല്‍പ്പിക്കുകയുമായിരുന്നു. മറ്റൊരു മകന് സന്തോഷിന്റെ പരാതി പ്രകാരം ഇന്നലെ കൊടുമണ്‍ പോലീസ് കേസെടുത്ത് അന്വേഷണ ആരംഭിച്ചു. ഉടന്‍തന്നെ സംഭവസ്ഥലത്തുനിന്നും പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനയ്ക്കു ശേഷം സ്റ്റേഷനില്‍ ഹാജരാക്കി.
ഷാജി നിലവില്‍ കൊടുമണ്‍ പോലീസ് സ്റ്റേഷനിലെ മറ്റ് മൂന്ന് കേസുകളില്‍ പ്രതിയാണ്. സതീഷ് കുന്നംകുളം പോലീസ് സ്റ്റേഷനിലെ മോഷണക്കേസിലും കൊടുമണ്‍ പോലീസ് നേരത്തേ രജിസ്റ്റര്‍ ചെയ്ത ദേഹോപദ്രവക്കേസിലും ഉള്‍പ്പെട്ടിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു.