നഗരവാർഡുകൾ ഇരുട്ടിൽ; മെഴുകുതിരി കത്തിച്ച് യുഡിഎഫ് പ്രതിഷേധം
1453189
Saturday, September 14, 2024 2:55 AM IST
പത്തനംതിട്ട: ഓണക്കാലമായിട്ടും നഗരത്തിലും വാർഡുകളിലും തെരുവ് വിളക്കുകൾ കത്തിക്കാത്തതിൽ പ്രതിഷേധിച്ച് യുഡിഎഫ് കൗൺസിലർമാർ കൗൺസിൽ ഹാളിൽ വേറിട്ട സമരം സംഘടിപ്പിച്ചു.
ട്യൂബ് ലൈറ്റുകൾ ഉയർത്തിപ്പിടിച്ചും മെഴുകുതിരി കത്തിച്ചു പിടിച്ചുമാണ് പ്രതിഷേധിച്ചത്. ശൂന്യവേളയിൽ ഈ വിഷയങ്ങൾ ഉന്നയിച്ചുകൊണ്ട് യുഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ കെ.ജാസിം കുട്ടി സംസാരിച്ചതിനു ശേഷമാണ് പ്രതിഷേധത്തിന് തുടക്കമായത്.
ജില്ലാ ആസ്ഥാനത്തിന്റെ മാസ്റ്റർ പ്ലാനുമായി ബന്ധപ്പെട്ട അജണ്ട വിശദ ചർച്ചകൾക്കായി മാറ്റി വയ്ക്കണമെന്നും അംഗങ്ങൾ ആവശ്യപ്പെട്ടു. ആവശ്യങ്ങൾ അംഗീകരിക്കാതെ വന്നതോടെ ചെയർമാനെ വളഞ്ഞുവച്ച് അംഗങ്ങൾ പ്രതിഷേധിച്ചു.
അംഗങ്ങളായ എ. സുരേഷ് കുമാർ, റോഷൻ നായർ, എം.സി. ഷെറീഫ്, സിന്ധു അനിൽ, റോസ്ലിൻ സന്തോഷ്, സി.കെ. അർജുനൻ, ആനി സജി, മേഴ്സി വർഗീസ്, അഖിൽ അഴൂർ, ആൻസി തോമസ്, ഷീന രാജേഷ് എന്നിവർ നേതൃത്വം നൽകി.