റബർ വിലസ്ഥിരതാ ഫണ്ട് കുടിശിക വിതരണം ചെയ്യണം: പുതുശേരി
1451271
Saturday, September 7, 2024 3:00 AM IST
പത്തനംതിട്ട: റബർ വില സ്ഥിരതാ ഫണ്ട് പദ്ധതി പ്രകാരം 62.09 കോടി രൂപ റബർ കർഷകർക്ക് ഇനിയും നൽകാനുണ്ടെന്നും ആ കുടിശിക അടിയന്തരമായി വിതരണം ചെയ്യണമെന്നും കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം. പുതുശേരി.
2023 ഡിസംബർ വരെ അപ്ലോഡ് ചെയ്യപ്പെട്ട ബില്ലുകളുടെ അടിസ്ഥാനത്തിലുള്ളതാണ് ഈ കുടിശികത്തുക. കുടിശിക റിലീസ് ചെയ്യുന്നതിനെക്കുറിച്ച് പലപ്പോഴായി പറഞ്ഞിട്ടുണ്ടെങ്കിലും ഇതേവരെ നടപടി ഉണ്ടായിട്ടില്ല. 600 കോടി രൂപ ഇതിനായി ബജറ്റിൽ വകയിരുത്തി പ്രഖ്യാപനം നടത്തിയിട്ടുണ്ടെങ്കിലും ഒമ്പതാം ഘട്ടത്തിൽ വെറും 25.86 കോടി രൂപ മാത്രമാണ് വിതരണം ചെയ്തിട്ടുള്ളത്.
ഓണക്കാലത്ത് ന്യായവിലയ്ക്ക് ജനങ്ങൾക്ക് സാധനങ്ങൾ എത്തിച്ചു കൊടുക്കാൻ ബാധ്യതപ്പെട്ട സർക്കാർ സപ്ലൈകോ ചന്തകൾ വഴി വിതരണം ചെയ്യുന്ന ആവശ്യസാധനങ്ങളുടെ വില വർധിപ്പിച്ച നടപടി ക്രൂരവും മനുഷ്യത്വരഹിതവുമാണ്. മലയാളിയുടെ പൊതുവിശേഷമായ ഓണക്കാലത്ത് കൂടുതൽ കരുതലും സഹായവും വേണ്ടിടത്താണ് അരിയും പഞ്ചസാരയും പരിപ്പും അടക്കം ആവശ്യസാധനങ്ങളുടെ വില വർധിപ്പിച്ച് ജനങ്ങളെ ഞെരിക്കുന്നത്.
ധൂർത്തിനും അഴിമതിക്കും യാതൊരു ലോപവും കാണിക്കാത്ത സർക്കാർ ജനസാമാന്യത്തെ മുഴുവനായി ബാധിക്കുന്ന വില വർധന അടിച്ചേല്പിച്ചിട്ട് അതിനെ ന്യായീകരിക്കുന്നത് ജനങ്ങളെ കൊഞ്ഞനം കുത്തുന്നതിന് തുല്യമാണെന്നും പുതുശേരി പറഞ്ഞു.