ആക്രമണകാരികളായ വന്യമൃഗങ്ങളെ വെടിവച്ചു കൊല്ലാൻ നിയമഭേദഗതി വേണം: ജോസ് കെ. മാണി
1450979
Friday, September 6, 2024 3:01 AM IST
പത്തനംതിട്ട: ജനവാസ മേഖലയിലെത്തുന്ന ആക്രമണകാരികളായ വന്യമൃഗങ്ങളെ അവയുടെ ഷെഡ്യൂൾ പരിഗണിക്കാതെ വെടിവച്ചു കൊല്ലുന്നതിനുള്ള ചട്ടം ഉൾപ്പെടുത്തി 1972-ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിൽ ഭേദഗതി വരുത്തണമെന്ന് കേരള കോൺഗ്രസ് - എം ചെയർമാൻ ജോസ് കെ. മാണി എംപി. കേരള കോൺഗ്രസ് - എം പത്തനംതിട്ട ജില്ലാ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വനാതിർത്തി പങ്കിടുന്ന പത്തനംതിട്ട ജില്ലയിലെ ജനവാസ മേഖലകളിൽ മനുഷ്യ ജീവിതം അസാധ്യമാകുംവിധം വന്യജീവി ആക്രമണങ്ങൾ പെരുകിയിരിക്കുന്നു. കർഷകർക്ക് കൃഷി ചെയ്യാനോ പുരയിടങ്ങളിൽനിന്ന് ആദായം എടുക്കുവാനോ സാധിക്കുന്നില്ല.
ജില്ലയിലെ കാർഷിക മേഖലയും കാർഷിക സമ്പദ് വ്യവസ്ഥയും തകർന്ന് തരിപ്പണമായിരിക്കുകയാണെന്ന് ജോസ് കെ. മാണി ചൂണ്ടിക്കാട്ടി. റാന്നി, കോന്നി വനമേഖലകളിലെ ജനവാസ മേഖലകളിൽ കടുവ, പുലി, കാട്ടാന, കാട്ടുപോത്ത് എന്നീ വന്യജീവികളുടെ ആക്രമണം വലിയതോതിൽ ജനജീവിതത്തെ ബാധിക്കുന്ന വിഷയമായി മാറിക്കഴിഞ്ഞു.
അപ്പർ കുട്ടനാട് മേഖലയിലും തിരുവല്ലപോലുള്ള പട്ടണ പ്രദേശങ്ങളിൽ വരെ കാട്ടുപന്നികൾ എത്താൻ തുടങ്ങി. വനമേഖലയ്ക്ക് ഉൾക്കൊള്ളാൻ കഴിയുന്നതിനേക്കാൾ കൂടുതൽ വന്യമൃഗങ്ങൾ കാട്ടിനുള്ളിൽ ക്രമാതീതമായി പെരുകിയതാണ് ഇതിനു കാരണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് ചെറിയാൻ പോളച്ചിറക്കലിന്റെ അധ്യക്ഷതയിൽ സംസ്ഥാന സംഘടനാകാര്യ ജനറൽ സെക്രട്ടറി ഡോ. സ്റ്റീഫൻ ജോർജ്, എംഎൽഎമാരായ ജോബ് മൈക്കിൾ, പ്രമോദ് നാരായൺ, ഉന്നതാധികാര സമിതി അംഗം റ്റി.ഒ. ഏബ്രഹാം, സംസ്ഥാന ജനറൽ സെക്രട്ടറി സജി അലക്സ്,
ജില്ലാ സംഘടനാകാര്യ ജനറൽ സെക്രട്ടറി ഏബ്രഹാം വാഴയിൽ, ഡോ. വർഗീസ് പേരയിൽ, ജോർജ് ഏബ്രഹാം, നിയോജക മണ്ഡലം പ്രസിഡന്റുമാരായ കുര്യൻ മടയ്ക്കൽ, ക്യാപ്റ്റൻ സി.വി. വർഗീസ്, സാം കുളാപ്പള്ളിൽ, ജില്ലാ ഭാരവാഹികളായ തോമസ് മാത്യു ഇടയാറന്മുള, സോമൻ താമരച്ചാലിൽ, പി.കെ. ജേക്കബ്, ഷെറി തോമസ്,
റഷീദ് മുളന്തറ, രാജീവ് വഞ്ചിപ്പാലം, പോഷക സംഘടനാ നേതാക്കളായ മായാ അനിൽകുമാർ, ബോബി കാക്കനാപ്പള്ളി, ജോൺ വി. തോമസ്, മാത്യു നൈനാൻ, രാജപ്പൻ കെ പി, റിന്റോ തോപ്പിൽ, തോമസ് മോഡി, മാത്യു മരോട്ടി മൂട്ടിൽ എന്നിവർ പ്രസംഗിച്ചു.