കളഞ്ഞുകിട്ടിയ പണം ഉടമസ്ഥന് നല്കി മാതൃക കാട്ടി കർഷകത്തൊഴിലാളി
1416262
Sunday, April 14, 2024 4:04 AM IST
റാന്നി: കളഞ്ഞുകിട്ടിയ പണം ഉടമസ്ഥന് തിരികെ ഏല്പിച്ച് മാതൃക കാട്ടി കർഷകത്തൊഴിലാളി. പുതമൺ ചെറുവള്ളി ക്കുഴിയിൽ സി.കെ. ഗോപാലനാണ് വെള്ളിയാഴ്ച രാവിലെ 11ന് പുതമൺ റോഡിൽനിന്നും പണം അടങ്ങുന്ന പേഴ്സ് കളഞ്ഞ് കിട്ടിയത്.
34,000 രൂപയായിരുന്നു പേഴ്സിൽ ഉണ്ടായിരുന്നത്. ഉടൻതന്നെ വാർഡ് മെംബർ അമ്പിളിയെയും സിപിഎം ലോക്കൽ കമ്മിറ്റി അംഗമായ റോയി ഓലിക്കലിനേയും വിവരം അറിയിച്ചു. റോയിയാണ് റാന്നി പോലീസിൽ അറിയിച്ചത്. പന്തളം സ്വദേശിയായ ഷീബ മത്തായിയുടെ പേഴ്സാണ് കളഞ്ഞ് പോയത്.
കുട്ടിക്കാനം കോളജിൽ മകന്റെ അഡ്മിഷനായി പോവുകയായിരുന്നു ഇവർ. കോളജിൽ എത്തിയപ്പോഴാണ് പേഴ്സ് കാണാനില്ലെന്ന് വിവരം അറിഞ്ഞത്. എന്നാൽ, വീട്ടിൽ കാണുമെന്ന പ്രതീക്ഷയിൽ മടങ്ങി. വീട്ടിലെത്തിയപ്പോഴും പേഴ്സ് കാണാഞ്ഞതിനെ തുടർന്നാണ് പോലീസിൽ വിവരം അറിയിച്ചത്.
സാമ്പത്തികമായി ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്ന ആളാണ് ഗോപാലൻ. ലൈഫിൽ കിട്ടിയ വീടിന്റെ നിർമാണം നടന്നുകൊണ്ടിരിക്കുകയാണ്. എന്നിട്ടും കളഞ്ഞു കിട്ടിയ പണം ഉടമയെ ഏല്പിക്കാൻ കാണിച്ച നല്ല മനസിനെ എല്ലാവരും നന്ദി പറഞ്ഞു.
പ്രമോദ് നാരായൺ എംഎൽഎ, എസ്ഐ കൃഷ്ണകുമാർ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ റാന്നി പോലീസ് സ്റ്റേഷനിൽ വച്ചാണ് പണം കൈമാറിയത്. എംഎൽഎ ഗോപാലനെ പൊന്നാടയണിയിച്ച് ആദരിച്ചു.