പത്തനംതിട്ട: കുടുംബശ്രീ മിഷന് നടപ്പിലാക്കുന്ന തിരികെ സ്കൂളിലേക്ക് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിച്ചു.
കുടുംബശ്രീ സംഘടന സംവിധാനം കൂടുതല്‍ മെച്ചപ്പെടുത്താനും പുതിയ സാധ്യതകള്‍ പരമാവധി കുടുംബശ്രീ അയല്‍ക്കൂട്ട അംഗങ്ങളെ പരിചയപ്പെടുത്തുവാനും കുടുംബശ്രീ സംസ്ഥാനമിഷനും പൊതുവിദ്യാഭ്യാസ വകുപ്പും ചേര്‍ന്നാണ് തിരികെ സ്കൂളിലേക്ക് എന്ന കാമ്പയിനു തുടക്കം കുറിക്കുന്നത്.
ജില്ലയില്‍ 52 സിഡിഎസുകളുടെ ചുമതലയില്‍ ഇന്നലെ സ്കൂളുകളില്‍ കുടുംബശ്രീ അംഗങ്ങള്‍ പഠിതാക്കളായി എത്തി. ഇതര സിഡിഎസുകളില്‍ ഇന്നും എട്ടിനുമായി സ്കൂളിലേക്ക് തിരികെ പരിപാടി സംഘടിപ്പിക്കും.
രാവിലെ ബെല്ലടിച്ച് പ്രതിജ്ഞയെടുത്തശേഷം മുദ്രഗീതവും ആലപിച്ചാണ് ക്ലാസുകളിലേക്കു കടന്നത്. പരിശീലനം ലഭിച്ച റിസോഴ്സ് പേഴ്സണ്‍മാരാണ് ക്ലാസുകള്‍ നയിച്ചത്. സ്കൂള്‍ ബാഗ്, സ്മാര്‍ട്ട് ഫോണ്‍, ഇയര്‍ഫോൺ, ഉച്ചഭക്ഷണം, സ്നാക്സ് എന്നിവയുമായാണ് ക്ലാസുകളിലേക്ക് കുടുംബശ്രീ അംഗങ്ങള്‍ എത്തിയത്.
അടൂര്‍ ഗവണ്മെന്റ് എച്ച്എസ്എസില്‍ നടന്ന ജില്ലാതല ഉദ്ഘാടന പരിപാടിയില്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ മുഖ്യാതിഥിയായിരുന്നു. പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മക്കുറുപ്പ് അധ്യക്ഷ വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂര്‍ ശങ്കരന് മുഖ്യപ്രഭാഷണം നടത്തി. അടൂര്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ ദിവ്യ റെജി മുഹമ്മദ്, കുടുംബശ്രീ ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്റര്‍ ആദില, പഞ്ചായത്ത് സെക്രട്ടറി സജീഷ്, വൈസ് പ്രസിഡന്റ് എം. മനു, എ.പി. സന്തോഷ് തുടങ്ങിയവരും പങ്കെടുത്തു.
ഓമല്ലൂരില്‍
ഓമല്ലൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ ആഭിമുഖ്യത്തില്‍ തിരികെ സ്കൂളില്‍ കാമ്പെയിന് തുടക്കമായി. ഓമല്ലൂര്‍ പന്ന്യാലി യുപി സ്കൂളില്‍ ഇന്നലെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണ്സന് വിളവിനാല്‍ ഫ്ളാഗ് ഓഫ് ചെയ്തു. മെംബര്‍ സാലി തോമസ് അധ്യക്ഷത വഹിച്ചു.
സിഡിഎസ് ചെയര്‍പേഴ്സണ്‍ കെ.എൻ. അമ്പിളി, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്മിത സുരേഷ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് മനോജ് കുമാർ, വാര്‍ഡ് മെംബര്‍മാരായ അനില്‍ കുമാർ, കെ.അമ്പിളി, റിജു കോശി തുടങ്ങിയവര്‍ പ്രസംഗിച്ചു. പന്ന്യാലി വാര്‍ഡിലെ 13 അയല്‍ക്കൂട്ടത്തിലെ 179 അംഗങ്ങളാണ് ആദ്യ ദിനം കാമ്പെയിന്റെ ഭാഗമായത്.
റാന്നി പെരുനാട്ടില്‍
റാന്നി പെരുനാട് ഗ്രാമ പഞ്ചായത്ത് സിഡിഎസ് നേതൃത്വത്തില്‍ തിരികെ സ്കൂളില്‍ എന്ന പദ്ധതിയുടെ പഞ്ചായത്തുതല ഉദ്ഘാടനം പെരുനാട് ബഥനി ഹൈസ്കൂളില്‍ നടന്നു.
സിഡിസ് ചെയര്‍പേഴ്സണ്‍ ഷീലമ്മ സന്തോഷ് അധ്യക്ഷത വഹിച്ച യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മോഹന്‍ ഉദ്ഘാടനം ചെയ്തു.ഹെഡ്മിസ്ട്രസ് ഉഷാകുമാരി, ഡോ. രജനി മാത്യു, ശോഭന മോഹന്‍, ഗ്രാമപഞ്ചായത്തംഗം രാജം തുടങ്ങിയവര്‍ പ്രസംഗിച്ചു.
മുക്കം, പെരുനാട്, മടത്തുംമൂഴി, കണ്ണനുമണ്ണ് വാര്‍ഡുകളില്‍ നിന്നുമുള്ള കുടുംബശ്രീ അംഗങ്ങളാണ് പങ്കെടുത്തത്.