നിയമനങ്ങളിലെ കോഴ: മന്ത്രിയുടെ ഓഫീസിലേക്ക് കോൺഗ്രസ് മാർച്ച് ഇന്ന്
1339294
Friday, September 29, 2023 11:54 PM IST
പത്തനംതിട്ട: ആരോഗ്യ വകുപ്പ് മെഡിക്കൽ ഓഫീസർ തസ്തികയിലെ നിയമനത്തിന് മന്ത്രിയുടെ ഒത്താശയോടെ പേഴ്സണൽ സ്റ്റാഫ് അംഗവും സിപിഎം നേതാക്കളും കോഴ വാങ്ങിയെന്ന ആരോപണത്തെക്കുറിച്ചും പിൻവാതിൽ നിയമനങ്ങളെക്കുറിച്ചും വീണാ ജോർജ് സ്ഥാനം രാജിവച്ച് സുതാര്യമായ അന്വേഷണം നേരിടണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്നു മാർച്ച് നടത്തും.
രാവിലെ 10.30ന് പത്തനംതിട്ട സെന്റ് പീറ്റേഴ്സ് ജംഗ്ഷനിൽ നിന്നു നന്നുവക്കാട്ട് ആരോഗ്യമന്ത്രിയുടെ എംഎൽഎ ഓഫീസിലേക്കാണ് മാർച്ച് സംഘടിപ്പിക്കുന്നതെന്നു ഡിസിസി ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം അറിയിച്ചു.
കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു ഉദ്ഘാടനം ചെയ്യും. ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറന്പിൽ അധ്യക്ഷത വഹിക്കും.