മൈലപ്ര ബാങ്ക് ബിനാമി വായ്പാതട്ടിപ്പ് പിടിമുറുക്കി ക്രൈംബ്രാഞ്ച്
1338824
Wednesday, September 27, 2023 11:57 PM IST
പത്തനംതിട്ട: മൈലപ്ര സഹകരണ ബാങ്കുമായി ബന്ധപ്പെട്ട 86.12 കോടിയുടെ ബിനാമി വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് മൈലപ്ര സര്‍വീസ് സഹകരണ ബാങ്കില്‍ ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തി.
ലോക്കല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത തട്ടിപ്പുകേസ് ഏറ്റെടുത്തു കോടതിയില്‍ എഫ്ഐആര്‍ സമര്‍പ്പിച്ചതിനു ശേഷമാണ് അടൂര്‍ യൂണിറ്റ് ഡിവൈഎസ്പി എം.എ. അബ്ദുള്റഹിമും സംഘവും പരിശോധനയ്ക്കെത്തിയത്. രേഖകള്‍ വിലയിരുത്തിയതിനുശേഷം കൂടുതല്‍ പേരെ കേസില്‍ പ്രതികളാക്കുന്നതിനുള്ള സാധ്യതയാണ് ക്രൈംബ്രാഞ്ച് പരിശോധിക്കുന്നത്.
നിലവില്‍ ഈ കേസില്‍ മുന്‍ സെക്രട്ടറി ജോഷ്വാ മാത്യു, മുന്‍ പ്രസിഡന്റ് ജെറി ഈശോ ഉമ്മന്‍ എന്നിവരെയാണ് ലോക്കല്‍ പോലീസ് പ്രതി ചേര്‍ത്തിരുന്നത്. 89 ബിനാമി വായ്പകളിലായിട്ടാണ് 86.12 കോടി രൂപയുടെ നഷ്ടം ബാങ്കിന് വന്നുചേര്‍ന്നിരിക്കുന്നത്. ഒരു പ്രമാണം ഈടാക്കി 10 പേര്‍ക്ക് വരെയാണ് വായ്പ നല്‍കിയിരിക്കുന്നതെന്നാണ് പ്രാഥമിക കണ്ടെത്തൽ.
സഹകരണസംഘം കോന്നി അസിസ്റ്റന്റ് രജിസ്ട്രാറുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ കണ്ടെത്തിയ തിരിമറികൾ സംബന്ധിച്ച് സഹകരണസംഘം ജോയിന്റ് രജിസ്ട്രാർ പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്നാണ് ബിനാമി വായ്പകളിൽ കേസുണ്ടായത്.
ഗോതന്പ് ഇടപാടിലെ ക്രമക്കേടിൽ റിമാൻഡിലുള്ള മുൻ സെക്രട്ടറി ജോഷ്വാ മാത്യുവിന്റെ അറസ്റ്റ് ബിനാമി വായ്പാ തട്ടിപ്പിൽ ക്രൈംബ്രാഞ്ച് സംഘം ഉടൻ രേഖപ്പെടുത്തും. പ്രതി ചേർക്കപ്പെട്ടിട്ടുള്ള മുൻ പ്രസിഡന്റ് ജെറി ഈശോ ഉമ്മൻ മുൻകൂർ ജാമ്യത്തിനുള്ള ശ്രമത്തിലാണ്.
വായ്പയിലെ കള്ളക്കളികൾ
ബിനാമി വായ്പക്കാരിൽ ഏറെയും മൈലപ്ര ബാങ്കിന്റെ പ്രവർത്തനപരിധിക്കു പുറത്തുള്ളവരാണ്. പത്തനംതിട്ടയിലെ ബിസിനസുകാർ, ആധാരം എഴുത്തുകാർ, രാഷ്ട്രീയ നേതാക്കൾ എന്നിവരൊക്കെ ഇതിന്റെ ഗുണഭോക്താക്കളാണെന്നാണ് കണ്ടെത്തൽ.
ബാങ്ക് മുൻ സെക്രട്ടറിയുമായോ ചില ഭരണസമിതിയംഗങ്ങളുമായോ നേരിട്ടോ അല്ലാതെയോ ബന്ധമുള്ള ആർക്കും എത്ര തുക വേണമെങ്കിലും വായ്പ നൽകുന്നതായിരുന്നു രീതി. വായ്പയ്ക്കുവേണ്ടി നിശ്ചിത ജാമ്യ വ്യവസ്ഥകൾ പാലിക്കപ്പെട്ടിട്ടുമില്ല.
ഒരാള്‍ക്ക് ചുരുങ്ങിയത് 25 ലക്ഷം വരെ നല്‍കും. ആരും വായ്പ തിരിച്ചടയ്ക്കില്ല. കാലാവധി എത്തുമ്പോള്‍ മുതലും പലിശയുമടക്കം ചേര്‍ത്ത് ആ തുക പുതുക്കി വയ്ക്കുകയാണ് ചെയ്യുന്നത്.
ബാങ്കിലേക്കു നിക്ഷേപം കുമിഞ്ഞു കൂടിയ അവസരത്തിലാണ് ബിനാമി വായ്പകള്‍ നല്‍കിയിരിക്കുന്നത്.
ഇതിനു പുറമേ കോട്ടയം ജില്ലയിലെ മൂന്നു പ്രാഥമിക സഹകരണ സംഘങ്ങളില്‍ കോടികളുടെ നിക്ഷേപവും നടത്തി.
ഈ സംഘങ്ങളൊക്കെ പില്ക്കാലത്ത് പൂട്ടിപ്പോയി. ഇവിടെനിന്നു പലിശ സഹിതം മൈലപ്ര ബാങ്കിന് കിട്ടാനുള്ളത് കോടികളാണ്. ബാങ്കിന്റെ അതിര്‍ത്തി ലംഘിച്ച് നിരവധിപേര്‍ക്ക് ബിനാമി വായ്പകള്‍ നല്കി.
ചതുപ്പു നിലങ്ങള്‍ക്ക് പോലും ലക്ഷങ്ങളാണ് വായ്പ കൊടുത്തത്. പ്രതിസന്ധി മുറുകിയതോടെ ബാങ്കിന്റെ രണ്ടുശാഖകളും അടച്ചു പൂട്ടി.
ഗുണഭോക്താക്കൾ അഞ്ചു പേർ
സഹകരണ വകുപ്പ് ചട്ടം 65 പ്രകാരം നടത്തിയ അന്വേഷണത്തില്‍ ഓരോ ബിനാമി വായ്പയുടെയും ഗുണഭോക്താക്കളായി ചുരുങ്ങിയത് അഞ്ചു പേര് വീതമുണ്ട്. ഇവരില്‍ ചിലര്‍ കേസ് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ പണം തിരിച്ചടയ്ക്കാന്‍ നെട്ടോട്ടം തുടങ്ങിയിട്ടുണ്ട്.
വായ്പ എടുത്തിട്ടുള്ളവരും ഭരണ സമിതി അംഗങ്ങളും പ്രതികളാകുമെന്ന സൂചനകളെത്തുടർന്നാണ് തിരിച്ചടവിനുള്ള ശ്രമം തുടങ്ങിയത്. ഇഡി കൂടി അന്വേഷണം ഏറ്റെടുത്താൽ കൈവിട്ട കളിയാകുമെന്ന ഭയവും ഇവർക്കുണ്ട്.
സഹകരണ നിയമപ്രകാരം വായ്പ അനുവദിക്കുന്നതിനു വിവിധ ഘട്ടങ്ങൾ നിലനിൽക്കുന്നതിനാൽ ബാങ്ക് ജീവനക്കാർക്കും അനധികൃത വായ്പകളിൽ പങ്കാളിത്തം ആരോപിക്കപ്പെടുന്നുണ്ട്.
ഇത്തരം വായ്പകൾ കണ്ടെത്തി റിപ്പോർട്ട് ചെയ്യാതിരുന്ന ഓഡിറ്റർമാരും സഹകരണ ഉദ്യോഗസ്ഥരും പ്രതി സ്ഥാനത്തെത്തുമെന്നു സൂചനയുണ്ട്.
ചട്ടം മറികടന്ന് വായ്പ അനുവദിച്ചത് ഓഡിറ്റിലൂടെ കണ്ടെത്താതിരുന്നതും കണ്ടെത്തിയപ്പോള്‍ നടപടിയെടുക്കാതെ ഇരുന്നതും കുറ്റകൃത്യമായി കണക്കാക്കും.
ജീവനക്കാർക്ക് ശന്പളമില്ല
ക്രമക്കേട് പുറത്തു വന്നതും സാമ്പത്തിക പ്രതിസന്ധിയും കാരണം മൈലപ്ര സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാര്‍ക്കു ശമ്പളം ലഭിക്കാതായിട്ട് 16 മാസമായി.
നിലവിലുള്ള അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയിലാണ് ജീവനക്കാരും പ്രതീക്ഷ വയ്ക്കുന്നത്.നിരവധിയാളുകൾ വായ്പ തിരിച്ചടയ്ക്കാന്‍ തയാറായിട്ടുണ്ട്. ഇങ്ങനെ കിട്ടുന്ന പണം അത്യാവശ്യക്കാരുടെ നിക്ഷേപം തിരിച്ചു നല്‍കുന്നതിന് ഉപയോഗിക്കുമെന്നാണ് സൂചന.
ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട എ ക്ലാസ് സഹകരണ സംഘമായിരുന്നു മൈലപ്രയിലേത്. അതനുസരിച്ചുള്ള ശമ്പളവും ആനുകൂല്യവുമാണ് ജീവനക്കാര്‍ക്കും പെന്ഷനാകുന്നവർക്കും നല്‍കിയിരുന്നത്.
ബാങ്ക് സി ക്ലാസിലേക്ക് താഴ്ന്നിട്ടും ആ വിവരം മറച്ചു വച്ച് എ ക്ലാസിനുള്ള ശമ്പളവും ആനുകൂല്യവും ജീവനക്കാര്‍ക്കു നല്കി വരികയായിരുന്നു.
സഹകരണ വകുപ്പ് ഈ തട്ടിപ്പ് കണ്ടുപിടിച്ചതോടെ ശമ്പളവും ആനുകൂല്യവും സി ക്ലാസിനുള്ളതാക്കി മാറ്റി. അതു വരെ എ ക്ലാസില്‍ നല്കിയ ശമ്പളം തിരിച്ചു പിടിക്കാനും നീക്കമുണ്ട്.