നിക്ഷേപതട്ടിപ്പ് കേസിൽ മുൻ സെക്രട്ടറി അറസ്റ്റിൽ
1338219
Monday, September 25, 2023 9:50 PM IST
പത്തനംതിട്ട: മൈലപ്ര സര്‍വീസ് സഹകരണ ബാങ്കില്‍ നിക്ഷേപിച്ച 86 ലക്ഷം രൂപ തിരികെ നല്‍കിയില്ലെന്നുള്ള പരാതിയില്‍ മുന്‍ സെക്രട്ടറി ജോഷ്വാ മാത്യുവിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി.
ക്രൈംബ്രാഞ്ച് കസറ്റഡിയിലായിരുന്ന ജോഷ്വാ മാത്യുവിനെ തിരികെ ഹാജരാക്കിയതിനു പിന്നാലെ പത്തനംതിട്ട ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിൽ പോലീസിന്റെ അപേക്ഷ എത്തുകയായിരുന്നു. അപേക്ഷ പരിഗണിച്ച് രണ്ടു ദിവസത്തെ കസ്റ്റഡിയിൽ വിട്ടു.
പത്തനംതിട്ട ട്രിനിറ്റി സ്ഥാപന ഉടമ രാജേന്ദ്രപ്രസാദ് നല്കിയ പരാതിയിലെടുത്ത കേസിലാണ് പത്തനംതിട്ട പോലീസ് അറസ്റ്റ് രേഖപ്പെടുത്തി അഞ്ചു ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടത്. എന്നാല്‍, അത്രയും ദിവസം ആവശ്യമില്ലെന്ന പ്രതിയുടെ അഭിഭാഷകന്റെ വാദം കണക്കിലെടുത്താണ് രണ്ടു ദിവസമായി ചുരുക്കിയത്. ജോഷ്വായുമായി ഇന്നു ബാങ്കില്‍ തെളിവെടുപ്പ് നടത്തുമെന്നു പോലീസ് ഇന്‍സ്പെക്ടര്‍ പറഞ്ഞു.
ബാങ്കിന്റെ അനുബന്ധ സ്ഥാപനമായ മൈഫുഡ് റോളര്‍ ഫാക്ടറിയിലേക്ക് ഗോതമ്പ് വാങ്ങിയ വകയില്‍ 3.94 കോടി തട്ടിയെന്ന കേസില്‍ 14 ദിവസത്തെ റിമാന്‍ഡ് കാലാവധിയും ഇന്നലെയാണ് അവസാനിച്ചത്. ജോഷ്വാ യുടെ റിമാന്‍ഡ് കാലാവധി ഒക്ടോബർ ഒമ്പതു വരെ കോടതി നീട്ടി.
ഞായറാഴ്ച ജോഷ്വായുമായി ക്രൈംബ്രാഞ്ച് സംഘം അങ്കമാലിയില്‍ തെളിവെടുത്തു. ജോഷ്വായുടെ പെണ്മക്കളുടെ ഭർത്തൃവീടുകളിലാണ് തെളിവെടുപ്പ് നടന്നത്. തുടര്‍ന്ന് ഇദ്ദേഹവുമായി കോയമ്പത്തൂരിലേക്ക് പോകുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും സമയക്കുറവ് കാരണം മാറ്റിവച്ചു. ഗോതമ്പ് വാങ്ങിയ കോയമ്പത്തൂരിലെ ആള്‍ക്കാരുമായി തെളിവെടുക്കേണ്ടതുണ്ട്. ഇതു സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരുത്തിയ ശേഷം ആവശ്യമെങ്കില്‍ വീണ്ടും കസ്റ്റഡിയില്‍ വാങ്ങുമെന്നു ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അബ്ദുള്‍ റഹിം പറഞ്ഞു.
ബിനാമി വായ്പ കേസും ക്രൈംബ്രാഞ്ച് ഏറ്റെടുത്തു
89 ബിനാമി വായ്പകളിലായി 86.12 കോടി രൂപ ബാങ്കിന് നഷ്ടം വരുത്തിയെന്ന് കാട്ടി സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ നല്കിയ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിന്റെ അന്വേഷണവും ഔദ്യോഗികമായി ക്രൈംബ്രാഞ്ച് ഏറ്റെടുത്തു.
സഹകരണ വകുപ്പ് ചട്ടം 65 പ്രകാരം നടത്തിയ അന്വേഷണത്തില്‍ ഓരോ ബിനാമി വായ്പയുടെയും ഗുണഭോക്താക്കളായി ചുരുങ്ങിയത് 10 പേര് വീതമുണ്ട്. ഇവരില്‍ ചിലര്‍ കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ പണ തിരിച്ചടയ്ക്കാന്‍ നെട്ടോട്ടം തുടങ്ങിയിട്ടുണ്ട്. വായ്പ എടുത്തിട്ടുള്ളവരെല്ലാം കേസില്‍ പ്രതികളായേക്കുമെന്ന സൂചനയോടെയാണിത്. മുൻ സെക്രട്ടറിക്കു പുറമേ മുൻ പ്രസിഡന്റ് ജെറി ഈശോ ഉമ്മനും നിലവിൽ കേസിൽ പ്രതിയാണ്.
ഭരണസമിതിയംഗങ്ങളും പ്രതികളും ജീവനക്കാരും ഇതിൽ പ്രതികളായേക്കുമെന്നു സൂചനയുണ്ട്. നിരവധി ഘട്ടങ്ങളിലൂടെയാണ് വായ്പ അനുവദിക്കുന്നത്. ഇതിന് അനുവാദം നല്‍കുന്നത് ഭരണ സമിതിയംഗങ്ങളാണ്. ചട്ടം മറികടന്ന് വായ്പ അനുവദിച്ചത് ഓഡിറ്റിലൂടെ കണ്ടെത്താതിരുന്നതും കണ്ടെത്തിയപ്പോള്‍ നടപടിയെടുക്കാതെ ഇരുന്നതും കുറ്റകൃത്യമായി കണക്കാക്കും. അങ്ങനെ വരുമ്പോള്‍ അതിന് കാരണക്കാരായവരൊക്കെ തന്നെ കുറ്റക്കാരായി പരിഗണിക്കപ്പെടും.