ജില്ലാ പഞ്ചായത്ത് സാന്പത്തിക പ്രതിസന്ധിയിൽ
1337058
Wednesday, September 20, 2023 11:36 PM IST
പത്തനംതിട്ട: മെയിന്റനൻസ് ഗ്രാന്റ് വെട്ടിക്കുറച്ചതിനു പിന്നാലെ ജില്ലാ പഞ്ചായത്തും കടുത്ത സാന്പത്തിക പ്രതിസന്ധിയിൽ. സാന്പത്തികവർഷം പകുതിയിലെത്തിയിട്ടും നാമമാത്രമായ പദ്ധതി വിഹിതം മാത്രമാണ് ലഭിച്ചിട്ടുള്ളത്.
ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള റോഡുകളുടെ നവീകരണവും മറ്റു പ്രവര്‍ത്തനങ്ങളും ഇക്കൊല്ലം നടക്കില്ല. കഴിഞ്ഞവർഷം സ്പിൽ ഓവറായ പദ്ധതികളും ഏറ്റെടുക്കാനാകാതെ സാന്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. ആറു മീറ്ററിൽ കൂടുതൽ വീതിയുള്ള റോഡുകൾ ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിൽ ടാർ ചെയ്യുന്നതിനും അറ്റകുറ്റപ്പണി നടത്തുന്നതിനും കഴിയും. ഇത്തരത്തിൽ തൊണ്ണൂറോളം റോഡുകൾ 16 ഡിവിഷനുകളിലായി ജില്ലാ പഞ്ചായത്ത് മുൻ വർഷങ്ങളിൽ പണി നടത്തിയിരുന്നു.
ഒരു ഗ്രാമപഞ്ചായത്തില്‍ ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ഒന്നിൽ കൂടുതല്‍ റോഡുകളുണ്ട്. ജില്ലാ പഞ്ചായത്തിന്റെ ആസ്തിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള റോഡുകള്‍ മാത്രമേ ജില്ലാ പഞ്ചായത്തിനു നവീകരിക്കാന്‍ കഴിയുകയുള്ളൂവെന്നും ബാക്കിയുള്ളവ ഗ്രാമപഞ്ചായത്തുകള്‍ നന്നാക്കണമെന്നുമാണ് ഇത്തവണ ജില്ലാ പഞ്ചായത്ത് നല്കുന്ന വിശദീകരണം. മുൻ വർഷങ്ങളിൽ ജില്ലാ പഞ്ചായത്ത് ഏറ്റെടുത്തു നടത്തിയിരുന്ന റോഡുകൾ ഇത്തവണ പണി നടത്താനാകില്ലെന്നതാണ് സ്ഥിതി. ഇതോടെ തകർന്നു കിടക്കുന്ന പ്രധാന ഗ്രാമീണ റോഡുകളിൽ അറ്റകുറ്റപ്പണി നടത്താൻ പോലുമാകില്ല.
മെംബർമാരും
പ്രതിഷേധത്തിൽ
ജനങ്ങളുമായി നേരിട്ട് ഇടപെടാൻ കഴിയുമായിരുന്ന റോഡ് മെയിന്റനൻസ് ഗ്രാന്റ് വെട്ടിക്കുറച്ചതോടെ ഭരണ, പ്രതിപക്ഷ ഭേദമില്ലാതെ ജില്ലാ പഞ്ചായത്ത് മെംബർമാരും പ്രതിഷേധത്തിലാണ്. ഭരണപക്ഷ മെംബർമാർക്കു തങ്ങളുടെ പ്രതിഷേധം പുറത്തേക്ക് അറിയിക്കാനാകില്ല. ഡിവിഷനുകളിൽ ജനങ്ങളോട് വിശദീകരിക്കാൻ അംഗങ്ങൾക്കാകുന്നില്ല.
കഴിഞ്ഞ വർഷം വരെ ഓരോ ഡിവിഷനിലും 3.5 കോടി രൂപ വരെ റോഡ് അറ്റകുറ്റപ്പണികൾക്കായി ചെലവഴിച്ചിരുന്നു. സാന്പത്തിക വർഷം പകുതിയായപ്പോൾ പകുതി പണം ലഭിക്കേണ്ടതാണ്. ഇക്കുറി കേന്ദ്ര ധനകാര്യ കമ്മീഷനിൽ നിന്നുള്ള വിഹിതം മാത്രമാണ് ലഭിച്ചിട്ടുള്ളത്.
ഏറ്റെടുക്കുന്ന ഗ്രാമീണ റോഡുകളിൽ റീ ടാറിംഗ്, സംരക്ഷണ ഭിത്തി, കലുങ്ക്, ചെറിയ പാലങ്ങൾ ഇവയുടെ നിർമാണം, ഐറിഷ് ഓട എന്നിവ ജില്ലാ പഞ്ചായത്ത് ചെയ്തിരുന്നു. 45.02 കോടി രൂപയാണ് ഇക്കൊല്ലത്തെ ബജറ്റിൽ പൊതുമരാമത്ത് ജോലികൾക്കായി മാറ്റിച്ചിരിക്കുന്നത്.
കരാറുകാരുടെ
കുടിശിക
ജില്ലാ പഞ്ചായത്ത് ജോലികൾ ഏറ്റെടുത്ത കരാറുകാരുടെ ബില്ലുകൾ മാറാതെ വന്നതോടെ അവരും പ്രതിഷേധത്തിലാണ്. ഏറ്റെടുത്ത ജോലികൾ നിർത്തിവച്ചു. കഴിഞ്ഞവർഷത്തെ സ്പിൽ ഓവർ ജോലികളുടെ പണം പോലും ലഭിക്കാത്ത സാഹചര്യമുണ്ട്. പുതിയ ജോലികൾ ഏറ്റെടുക്കേണ്ടതില്ലെന്നാണ് കരാറുകാരുടെ തീരുമാനം.
ത്രിതല പഞ്ചായത്തുകളുടെ നിര്‍മാണപ്രവര്‍ത്തനങ്ങളിൽ നിന്നു കരാറുകാര്‍ ഒഴിയുകയാണ്. ഓണക്കാലത്ത് അഞ്ചുലക്ഷം രൂപ വരെയുള്ള ബില്ലുകള്‍ മാറിനല്കാമെന്നു ധനകാര്യവകുപ്പില്‍ നിന്നും അറിയിച്ചിരുന്നുവെങ്കിലും അതു നടപ്പിലായില്ല. ഭൂമിയും വീടും ധനകാര്യസ്ഥാപനങ്ങളില്‍ പണയപ്പെടുത്തി വായ്പയെടുത്ത് ജോലികൾ ഏറ്റെടുത്ത കരാറുകാര്‍ ഇപ്പോള്‍ ജപ്തി ഭീഷണിയിലാണ്. റോഡ് നിർമാണം, കുടിവെള്ള വിതരണം തുടങ്ങിയ ജോലികളുമായി ബന്ധപ്പെട്ട കരാർ തുകയാണ് ലഭിക്കാനുള്ളത്.